പക്കിക്ക് പിന്നാലെ കുഞ്ഞാലി മരക്കാറിനും രൂപമാറ്റം ; ഗണപതിയുടെ രൂപമുള്ള തൃശൂലവുമായി ലാലേട്ടന്റെ കുഞ്ഞാലി
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ഒന്നാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിന്റെ വേഷവിധാനം. ആ കാലഘട്ടത്തില്‍ മലയാളികള്‍ ആരുംതന്നെ ഉപയോഗിക്കാത്ത തരത്തിലുള്ള റോബിന്‍ ഹുഡ് രീതിയിലുള്ള വേഷമാണ് ലാലേട്ടന്‍ കൊച്ചുണ്ണിയില്‍ അണിഞ്ഞിരുന്നത്. ആ വേഷത്തിനു സംവിധായകന്‍ ന്യായീകരണം നല്‍കി എങ്കിലും വിശ്വാസയോഗ്യമല്ലായിരുന്നു. സംവിധായകന്‍ ചരിത്രത്തെ വളച്ചൊടിച്ചു എന്നാണു വിമര്‍ശകര്‍ പറഞ്ഞത്.
എന്നാല്‍ കൊച്ചുണ്ണിക്ക് പിന്നാലെ ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലി മരക്കാറിലും സമാനസ്ഥിതിയാണ് എന്നാണു ഇപ്പോള്‍ ചിത്രത്തിന്റെതായി പുറത്തു വന്ന ഫോട്ടോകള്‍ പറയുന്നത്. ബാഹുബലി പോലെ പടച്ചട്ട അണിഞ്ഞ കുഞ്ഞാലി മരക്കാറിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്.
മോഹന്‍ലാല്‍ തന്നെയാണ് ഇപ്പോള്‍ തന്‍റെ ഫേസ്ബുക്ക് വഴി ഫോട്ടോ പുറത്തു വിട്ടത്. ഡിസംബര്‍ 16നാണ് മോഹന്‍ലാല്‍ മരക്കാറിന്റെ ചിത്രീകരണ തിരക്കുകളിലേക്ക് പ്രവേശിച്ചത്. ആ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ ലാല്‍ ആരാധകരുനായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കുഞ്ഞാലി മരക്കാര്‍ ഇങ്ങനെയുള്ള വസ്ത്രം ഒരിക്കല്‍ പോലും ധരിച്ചിട്ടില്ല എന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്. അതുമല്ല കുഞ്ഞാലി ധരിച്ചിരിക്കുന്ന തലപ്പാവില്‍ ഗണപതിയുടെ രൂപത്തിലുള്ള തൃശൂലം സ്ഥാനം പിടിച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പണ്ട് കാലത്ത് ഒരു സമയത്തും ഇതുപോലുള്ള തലപ്പാവ് മലയാളികള്‍ ധരിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു. എന്നാല്‍ ചിത്രത്തിലെ ഏതെങ്കിലും ഒരു രംഗത്തില്‍ ഉള്ള വേഷമാകും ഇതെന്നാണ് ആരാധകര്‍ പറയുന്നത്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇവര്‍ക്കെല്ലാം പുറമെ ധാരാളം വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.