വനിതാ മതില്‍ ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
വനിതാ മതിൽ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കെ സി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. വനിതാ മതിലിന് സർക്കാർ പണം ചെലവഴിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
വനിത, ശിശുക്ഷേമ വകുപ്പിന്റെ പണം ചെലവഴിക്കാതിരുന്ന മന്ത്രി കെ കെ ശൈലജക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സി പി എം മതിൽ നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വനിത മതിലിനായി പണം ചെലവഴിക്കുന്നത് അഴിമതി തന്നെയെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരുപൈസപോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നീക്കിവെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കാണെന്നും പ്രചാരണം തെറ്റാണെന്നും തുക നീക്കിവെച്ചത് വനിതാ ക്ഷേമപദ്ധതികള്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചത് 50 കോടിരൂപ വനിത ശാക്തീകരണത്തിന് മാറ്റിവെച്ചിട്ടുണ്ടെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള നവോത്ഥാനം സി.പി.എമ്മിന്റെ കുത്തകയല്ലെന്നും വനിതാ മതിലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കളവ് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയുടെ അവകാശ ലംഘനം നടത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ മതിലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 50 കോടി ചെലവഴിക്കുമെന്നാണ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയത്.
എന്നാല്‍ പണം സര്‍ക്കാര്‍ ചെലവഴിക്കില്ലെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് വിപരീതമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിലൂടെ കേരളത്തെ ജനങ്ങളെ മുഖ്യമന്ത്രി വഞ്ചിക്കുകയായിരുന്നു എന്നും ചെന്നിത്തല പറയുന്നു.