ചൊവ്വയിലെ ജലസാന്നിധ്യം ; വ്യക്തമായ തെളിവുകള്‍ പുറത്ത്
ചൊവ്വയില്‍ വെള്ളമുണ്ടോ എന്ന മനുഷ്യന്റെ സംശയത്തിന് വ്യക്തമായ ഉത്തരം നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ചൊവ്വയുടെ ഉപരിതലത്തില്‍ ഐസുകളാല്‍ മൂടിപ്പുതച്ച് കിടക്കുന്ന വന്‍ കുഴിയുടെ ചിത്രം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ തടാകം പോലെയും തോന്നിക്കുന്നതാണ് ചിത്രം.
ഏകദേശം 200 കിലോമീറ്റര്‍ ആഴത്തില്‍ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ ഗര്‍ത്തത്തില്‍ ആകെ 2200 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
2003 ലാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ ചൊവ്വയെ പഠിക്കാന്‍ യാത്രതിരിച്ചത്. 15 വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് ലോകം കാത്തിരുന്ന ചിത്രം. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പേടകങ്ങള്‍ പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു ചിത്രം ആദ്യമായാണ് ഭൂമിയിലേക്ക് എത്തുന്നത്.