യൂറോപ്യന്‍ യൂണിയനില്‍പ്പെടാത്ത മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ജര്‍മനിയില്‍ അവസരം

കൈപ്പുഴ ജോണ്‍ മാത്യു

ബര്‍ലിന്‍: ജര്‍മനിയില്‍ പുതിയ കുടിയേറ്റ നിയമം വിശാലമുന്നണി സര്‍ക്കാര്‍ അംഗീകരിച്ചു. ചാന്‍സലര്‍ മെര്‍ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം, ജര്‍മനിയിലേക്കുള്ള പുതിയ വിദേശ കുടിയേറ്റ നിയമത്തിനാണു അംഗീകാരം നല്‍കിയത്. മെര്‍ക്കലിന്റെ വിശാല മുന്നണി സര്‍ക്കാരിലെ ഘടകകക്ഷികള്‍, ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍ അവതരിപ്പിച്ച പുതിയ വിദേശ കുടിയേറ്റ നിയമത്തിനാണ് പച്ചകൊടി കാണിച്ചത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചാല്‍ 2019 മുതല്‍ പുതിയ വിദേശ കുടിയേറ്റ നിയമം ജര്‍മനിയില്‍ പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ യൂണിയനില്‍പ്പെടാത്ത മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ആയിരിക്കും ഈ നിയമം വഴി സുവര്‍ണാവസരം ലഭിക്കുക.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഡോക്ടര്‍ന്മാര്‍, എന്‍ജിനീയര്‍മാര്‍, ഐടി വിദഗ്ദ്ധര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് നിയമം അനുസരിച്ച് ജര്‍മനിയിലേക്ക് കുടിയേറാന്‍ ഇനി പ്രയാസം ഉണ്ടാവില്ലെന്നാണു സൂചന. വര്‍ക്കിങ് പെര്‍മിറ്റ്, വീസ എന്നീ കാര്യങ്ങള്‍ ജര്‍മന്‍ തൊഴില്‍ വകുപ്പ് നേരിട്ട് നിയന്ത്രിക്കും.