സീറോ മലബാര്‍ സഭയ്ക്ക് കാനഡയില്‍ പുതിയ രൂപത: മാര്‍ ജോസഫ് കല്ലുവേലില്‍ പ്രഥമ മെത്രാന്‍
മിസ്സിസാഗാ: കാനഡായിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി മിസ്സിസാഗാ ആസ്ഥാനമാക്കി പുതിയ രൂപത സ്ഥാപിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ഉത്തരവായി. ഇതുവരെ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് ആയിരുന്ന മിസ്സിസാഗയെ രൂപതയാക്കി ഉയര്‍ത്തികൊണ്ടാണ് ഈ നടപടിക്രമം. ഇതു സംബന്ധമായി മാര്‍പാപ്പായുടെ പ്രഖ്യാപനം 2018 ഡിസംബര്‍ 22 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30ന് കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും അതിനു തുല്യമായ സമയത്ത് കാനഡായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വച്ച് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാനഡായില്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിയുമാണ് അറിയിപ്പുകള്‍ നടത്തിയത്.
2015 ഓഗസ്റ്റ് 6-ാം തിയതിയായിരുന്നു കാനഡായില്‍ സീറോ മലബാര്‍ സഭയ്ക്ക് അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റു സ്ഥാപിതമായതും മാര്‍ ജോസ് കല്ലുവേലില്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കായി നിയമിക്കപ്പെട്ടതും.
രൂപതയുടെ പദവി ഇല്ലാത്തതും എന്നാല്‍ രൂപതയോട് സമാനവുമായ സഭാ ഭരണസംവിധാനമാണ് എക്‌സാര്‍ക്കി. വിശ്വാസികളുടെ എണ്ണം കൂടുകയും ഇടവകകള്‍ സ്ഥാപിക്കപ്പെടുകയും മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെടുകയും ചെയ്തുകഴിയുമ്പോഴാണ് എക്‌സാര്‍ക്കി രൂപതയായി ഉയര്‍ത്തപ്പെടുന്നത്. ഇപ്രകാരം മൂന്നര വര്‍ഷത്തെ കാലഘട്ടത്തിനുള്ളില്‍ കാനഡായില്‍ സീറോ മലബാര്‍ സഭയ്ക്ക് ഒരു രൂപതയുടെ സംവിധാനങ്ങളെല്ലാം ക്രമീകൃതമായി എന്നു ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലാണ് പുതിയ രൂപത സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
കാനഡ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയില്‍ ഒന്‍പതു പ്രോവിന്‍സുകളിലായി 12 ഇടവകകളും 34 മിഷന്‍ കേന്ദ്രങ്ങളും ഇരുപതിനായിരത്തോളം വിശ്വാസികളുമുണ്ട്. എക്‌സാര്‍ക്കി സ്ഥാപിതമായ സമയം രണ്ടു വൈദികര്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 23 വൈദികരുണ്ട്. 7 പേര്‍ വൈദികപരിശീലനം നേടിക്കൊണ്ടിരിക്കുന്നു. മൂന്നു സന്യാസിനിസമൂഹങ്ങളില്‍ നിന്ന് 12 സിസ്റ്റഴ്‌സ് ഇവിടെ ശുശ്രൂഷ ചെയ്തു വരുന്നു. കത്തീഡ്രല്‍ ദേവാലയം ഉള്‍പ്പെടെ നാലു മനോഹരമായ ദേവാലയങ്ങളും രൂപതയ്ക്ക് സ്വന്തമായുണ്ട്.
ഇതുവരെ തബാല്‍ത്താ രൂപതയുടെ സ്ഥാനികമെത്രാനും കാനഡായിലെ അപ്പസ്റ്റോലിക് എക്‌സാര്‍ക്കുമായിരുന്ന മാര്‍ ജോസ് കല്ലുവേലില്‍ ആണ് മിസ്സിസാഗാ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്.
1955 നവംബര്‍ 15ന് പാലാ രൂപതയില്‍പ്പെട്ട കുറവിലങ്ങടിനടുത്തുള്ള തോട്ടുവയില്‍ ജനിച്ച ബിഷപ്പ് കല്ലുവേലിയുടെ കുടുംബം ഇപ്പോള്‍ പാലക്കാട് രൂപതയിലെ നെല്ലിപ്പാറ ഇടവകയിലാണ് താമസിക്കുന്നത്.
തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്റ്റോലിക് സെമിനാരി എന്നിവിടങ്ങളില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ കല്ലുവേലില്‍ പാലക്കാടു രൂപതയ്ക്കുവേണ്ടി 1984 ഡിസംബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ചു. ഈ രൂപതയിലെ അഗളി, കുറുവംപടി, പുലിയറ, പന്തളംപാടം, ഒലവക്കോട്, പാലക്കാട് കത്തീഡ്രല്‍, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുകുംപാറ എന്നീ ഇടവകകളില്‍ അജപാലന ശുശ്രൂഷ നിര്‍വഹിച്ചു. അഗളി, താവളം ബോയ്‌സ് ഹോമുകളിലും, രൂപതാ പാസ്റ്ററല്‍ സെന്ററിന്റെയും വിശ്വാസപരിശീലന കേന്ദ്രത്തിന്റെയും കെ.സി.എസ്.എല്‍-ന്റെയും ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മതബോധനത്തില്‍ ഗവേഷക പഠനം നടത്തി ഡോക്ടറേറ്റു നേടി.
കാനഡായിലെ ടൊറോന്റോയില്‍ പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികളുടെയിടയില്‍ അജപാലന ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് 2015 ഓഗസ്റ്റ് 6ന് അപ്പസ്റ്റോലിക് എക്‌സാര്‍ക്കായി നിയമിക്കപ്പെട്ടത്. 2015 സെപ്റ്റംബര്‍ 19-നായിരുന്നു മെത്രാഭിഷേകം.
സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യക്കു പുറത്തു ലഭിക്കുന്ന നാലാമത്തെ രൂപതയാണ് മിസ്സിസാഗാ. ഇതുള്‍പ്പെടെ സീറോ മലബാര്‍ സഭയ്ക്ക് ഇപ്പോള്‍ 35 രൂപതകളാണ് ഉള്ളത്. പുതിയ രൂപതയുടെ ഉദ്ഘാടനവും മെത്രാന്റെ സ്ഥാനാരോഹണവും സംബന്ധിച്ച തിയതി പിന്നീട് തീരുമാനിക്കും.