മനിതി പ്രവര്‍ത്തകര്‍ക്ക് നേരെ തമിഴ് നാട്ടില്‍ ആക്രമണം

പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയ മനിതി സംഘത്തിന് നേരെ തമിഴ് നാട്ടില്‍ ആക്രമണം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. തേനി-മധുര ദേശീയ പാതയിലായിരുന്നു ആക്രണം. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഇതേതുടര്‍ന്ന് തമിഴ്‌നാട് പോലീസ് സംഘത്തിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. നേരത്തെ ഇവര്‍ മടങ്ങുന്നതിനിടെ ഇടുക്കി പാറക്കടവില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പ്രതിഷേധക്കാരെ മാറ്റിയാണ് പോലീസ് ഇവരുടെ വാഹനം കടത്തിവിട്ടത്.

ചെന്നൈ ആസ്ഥാനമായ മനിതി എന്ന സംഘടനയിലെ 11 അംഗ യുവതി സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞതോടെ ഇന്ന് പമ്പയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. മല ചവിട്ടാനെത്തിയാല്‍ പൂര്‍ണ സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രിയൂടെ ഓഫീസില്‍ നിന്ന് കിട്ടിയ ഉറപ്പിലാണ് സംഘം മല ചവിട്ടാനെത്തിയത്. പ്രതിഷേധം ഉയര്‍ന്നാലും പിന്മാറില്ലെന്നും മനിതി സംഘം പറഞ്ഞിരുന്നു. എന്നാല്‍ പമ്പയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മനിതി സംഘം പിന്‍മാറുകയും, പിന്നീട് പോലീസുമായി ചര്‍ച്ച നടത്തി തിരികെ മടങ്ങുകയുമായിരുന്നു. തങ്ങളെ പൊലീസ് മടക്കി അയച്ചതാണെന്ന് മനിതി സംഘം പിന്നീട് പറഞ്ഞു.

പമ്പയില്‍ യുവതികളെ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം സംഘവുമായി പോലീസ് മല കയറാന്‍ ശ്രമം നടത്തിയെങ്കിലും ശരണപാതയില്‍ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധത്തില്‍ മനിതി സംഘം ഓടി ഗാര്‍ഡ് റൂമിലാണ് അഭയം പ്രാപിച്ചത്. പോലീസുകാരും പിന്നാലെ ഓടിക്കയറി. തുടര്‍ന്ന് പോലീസുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ സംഘം മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് മനിതി സംഘം പമ്പയിലെത്തിയത്.