ക്രിസ്മസ് ദിനത്തില്‍ കുഷ്ടരോഗാശുപത്രിയില്‍ നന്മയുടെ ‘സ്‌നേഹകൂട്’

നൂറനാട്: ഇക്കുറിയും ക്രിസ്മസ് ദിനത്തില്‍ നൂറനാട് കുഷ്ടരോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനവും സ്‌നേഹവിരുന്നും നടന്നു.

ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപെടുത്തലിന്റെയും അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളില്‍ കഴിയുന്ന ജീവിതങ്ങള്‍ക്ക് സ്വാന്ത്വനം നല്‍കുകയെന്ന ഉദ്യേശത്തോട് സഹായ ഹസ്തവുമായി ‘സ്‌നേഹകൂട്’ എത്തി. ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന മനസ്ഥിതിയുള്ള സംഘമാണ് ക്രിസ്മസ് ദിനത്തില്‍ ഇവിടെ എത്തിയത്. കഴിഞ്ഞ ഒന്നര ദശാബ്ദമായി മുടക്കം കൂടാതെ ഇവരുടെ ക്രിസ്മസ് ആഘോഷം ഇവിടെയാണ്.

വീല്‍ചെയറുകള്‍, കൃത്രിമകാലുകള്‍, പുതുവസ്ത്രങ്ങള്‍, മരുന്നുകള്‍, ടെലിവിഷനുകള്‍, മിക്‌സികള്‍, സൗണ്ട് സിസ്റ്റം, വാര്‍ഡുകളിലേക്ക് ഫാനുകള്‍, ഇലക്ട്രിക്ക് -ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, രോഗികള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള ബെഡുകള്‍, റെക്‌സിന്‍ ബെഡ് ഷീറ്റുകള്‍ തുടങ്ങിയവ ഇതിനോടകം പല തവണകളിലായി ഇവിടെ നല്‍കിട്ടുണ്ട്. ഈ പ്രാവശ്യം പുതിയ 8 ഫാനുകള്‍ സാനിറ്റോറിയം ആഡിറ്റോറിയത്തിലും വാര്‍ഡിലുമായി സജ്ജമാക്കി കൊടുത്തു.

കൊയിനോണിയ ഫൗണ്ടേഷന്‍ ഫോര്‍ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ എടത്വാ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. വള്ളംകളി രംഗത്ത് കഴിഞ്ഞ 9 പതിറ്റാണ്ടായി നിലകൊള്ളുന്ന മാലിയില്‍ പുളിക്കത്ര തറവാട് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡില്‍ ഇടം നേടിയതിന്റെ സന്തോഷം നിരാലംബരോടൊപ്പം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി സാനിറ്റോറിയത്തില്‍ സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അദ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് ക്രിസ്മസ് – സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ് എ നിര്‍വഹിച്ചു. ഗ്ലോബല്‍ പീസ് വിഷന്‍ ഡയറക്ടര്‍ വനജ അനന്ത (യു.എസ്.എ) ക്രിസ്തുമസ് സന്ദേശം നല്കി.ഫൗണ്ടേഷന്‍ മാനേജര്‍ റജി വര്‍ഗ്ഗീസ് ധനസഹായം സാനിറ്റോറിയം പേഷ്യന്റ്‌സ് വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ വൈ. ഇസ്മയേല്‍കുഞ്ഞിന് കൈമാറി. മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുരളി കുടശനാട്, എസ് മീരാ സാഹിബ്, സിനിമാ നിര്‍മ്മാതാവ് അഹമ്മദ് കൊല്ലകടവ്, സനില്‍ ചട്ടുകത്തില്‍, അശോക്, വിനീഷ്, സിസ്റ്റര്‍ ശാരോന്‍ എന്നിവര്‍ പ്രസംഗിച്ചു.

2003 മുതല്‍ മുടക്കം കൂടാതെ സംഘടിപ്പിക്കുന്ന ഈ ക്രിസ്മസ് ആഘോഷം ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്ലിക്കിന്റെ ലോക റെക്കോര്‍ഡ് ഉള്‍പ്പെടെ പ്രമുഖ റെക്കോര്‍ഡുകളില്‍ 2016ല്‍ ഇടം പിടിച്ചിച്ചിട്ടുണ്ട്.