അവരെ വെടിവച്ച്‌ കൊന്നേക്ക്’; വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍ വിളി

രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ച് കൊല്ലാന്‍ നിര്‍ദ്ദേശിച്ച കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമിയുടെ വാക്കുകള്‍ വിവാദത്തില്‍. മാണ്ഡ്യയിലെ ജനതാദള്‍ പ്രാദേശിക നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ യാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്.

കൊലപാതക വിവരം ഇന്റലിജന്‍സ് വകുപ്പ് അറിയിച്ചതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കുമാരസ്വാമി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ പ്രകാശിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്തിയവര്‍ യാതൊരു ദയാദാക്ഷണ്യവും അര്‍ഹിക്കുന്നില്ലെന്നും പ്രതികളെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടെതെന്നും ഫോണിലൂടെ പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ വൈകാരികമായി നടത്തിയ പ്രതികരണം മാത്രായിരുന്നെന്നും ആരെയും കൊല്ലാന്‍ ഉത്തരവിട്ടിട്ടില്ലെന്നും കുമാരസ്വാമി വിശദീകരിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി.

പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കിയതല്ലെന്നുമാണ് കുമാരസ്വാമിയുടെ വിശദീകരണം. വിവരം അറിയിച്ച പാര്‍ട്ടിപ്രവര്‍ത്തകരോടാണ് കുമാരസ്വാമി ഫോണിലൂടെ സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.