പോലീസ് സുരക്ഷ ഒരുക്കിയാല്‍ വീണ്ടും ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം
ശബരിമല കയറാന്‍ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെല്‍വി. എന്നാല്‍ കേരളാ പൊലീസ് സുരക്ഷ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരള പൊലീസ് സുരക്ഷയിലാണ് മധുരയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ആദ്യ യാത്ര നടത്തിയത്. മൂന്ന് കേരളാ പൊലീസ് ഉദ്യോഗസ്ഥര്‍ വാനില്‍ ഉണ്ടായിരുന്നുവെന്നും ശെല്‍വി മാധ്യമങ്ങളോട് പറഞ്ഞു.
കേരള പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്ത് കൊണ്ടു പോകുന്ന രീതിയായിരുന്നു തങ്ങളെ ശബരിമലയിലേക്ക് കൊണ്ടുവന്നത്. നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങള്‍ മാറിയത് പൊലീസിന്റെ ഇടപെടലിലൂടെയായിരുന്നുവെന്നും ശെല്‍വി പറഞ്ഞു.
പല സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ടുന്ന മനിതി സംഘാംഗങ്ങള്‍ കോട്ടയത്ത് ഒത്തുകൂടിയ ശേഷം ഒരു മിച്ച് മലകയറുമെന്നായിരുന്നു ആദ്യം ഇവര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് ഇവരെ പമ്പയിലെത്തിക്കുകയായിരുന്നു.
പൊലീസ് നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം പോയിക്കൊണ്ടിരുന്നതെന്നും വാഹനത്തെ നിയന്ത്രിച്ചിരുന്നത് കേരളാ പൊലീസായിരുന്നുവെന്നും ശെല്‍വി പറയുന്നു. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ശബരിമല ദര്‍ശനത്തിന് അനുവദിച്ചിരുന്നില്ല.
പല സംഘങ്ങളായി കോട്ടയത്തെത്തി ശബരിമലയിലേക്ക് ഒരുമിച്ച് പോകുമെന്നാണ് ഇവര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പല സംഘങ്ങളായി ഇവര്‍ പിരിയുകയായിരുന്നു.