നാമൊന്നിച്ചു കേരളത്തിനൊപ്പം സന്ദേശവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള മീറ്റ് ഡിസംബര്‍ 30ന് കൊച്ചിയില്‍: സാംസ്‌കാരിക സമ്മേളനം നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും
കൊച്ചി: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ് ) കേരള ഘടകം സംഘടിപ്പിക്കുന്ന കേരള മീറ്റ് ഡിസംബര്‍ 30ന് കൊച്ചിയില്‍ നടക്കും. നാമൊന്നിച്ചു കേരളത്തിനൊപ്പം എന്ന സന്ദേശവുമായി നടക്കുന്ന സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിന്നും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
ഡിസംബര്‍ 30ന് (ഞായര്‍) രാവിലെ 9.30ന് എറണാംകുളം നോര്‍ത്ത് ടൗണ്‍ ഹാളില്‍ പരിപാടികള്‍ക്ക് തുടക്കമാകും. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേലിന്റെ (വിയന്ന) അധ്യക്ഷതയില്‍ ആരംഭിക്കുന്ന സംഗമത്തില്‍ കേരള നിയമ സഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല, എം.എല്‍.എമാരായ ഹൈബി ഈഡന്‍, വി. ഡി സതീശന്‍, പി.റ്റി തോമസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, സിനിമ പ്രവര്‍ത്തകനായ മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
90-ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ച ഡബ്ലിയു.എം.എഫിന്റെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടുമിക്ക പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരാകും. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, കേരള മെമ്പേഴ്സ് സംഗമം, ഗ്ലോബല്‍ മെമ്പേഴ്സ് പാനല്‍ തുടങ്ങിയ പരിപാടികളും, സംഘടനാ കേരളത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. മുഖ്യമന്ത്രിയുടെ നവകേരള പദ്ധതിയുമായി സഹകരിച്ചു ഡബ്ലിയു.എം.എഫ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളില്‍ ആദ്യത്തെ ഭവനത്തിന്റെ താക്കോല്‍ ദാനവും സമ്മേളനത്തില്‍ നടക്കും.
സാംസ്‌കാരിക സമ്മേളനത്തിന് ശേഷം പ്രശസ്ത മെന്റലിസ്‌റ് നിപിന്‍ നിരവത്തിന്റെ ഷോ, പിന്നണി ഗായകരായ സമദ് സുലൈമാന്‍, നസീര്‍ മിന്നലെ, മുഹമ്മദ് അഫ്‌സല്‍, ജീനു, ശിവാനി, കൊറിയോഗ്രാഫര്‍ റിയാസ്, ജീഷ്മ, മിഷേല്‍ ആന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടികളും അരങ്ങേറും. ഡബിള്‍ ഹോഴ്‌സ്, കെ.7 സ്റ്റുഡിയോസ് എന്നിവര്‍ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യും. സംഗമത്തിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.എം സിദ്ദിഖ്, ജനറല്‍ കണ്‍വീനര്‍ ആനി ലിബു, കോഓര്‍ഡിനേറ്റര്‍ റഫീഖ് മരക്കാര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961515596 എന്ന നമ്പറില്‍ ബന്ധപ്പെടുക.