അമേരിക്കയില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ വെന്തുമരിച്ചു

അമേരിക്കയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ തെലങ്കാന സ്വദേശികളായ സഹോദരങ്ങള്‍ വെന്തുമരിച്ചു. ആരോണ്‍ നായിക് (17), ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം വീട് ഉടമസ്ഥയായ കേരി കോഡ്‌റിയറ്റിനെയും (46) വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം, തീപിടിത്തത്തില്‍ കേരിയുടെ ഭര്‍ത്താവ് ഡാനിയേല്‍ കോഡ്രിറ്റും മകന്‍ കോലി (13)യും രക്ഷപെട്ടു. തീപിടിത്തമുണ്ടായപ്പോള്‍ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.

നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ച് അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്‌നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും ആരേയും രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അപകടം നടന്ന വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു സഹോദരങ്ങള്‍. ടെന്നസിയിലെ മെംഫിസില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ നെരേരുഗുമ്മ സ്വദേശികളായ ശ്രീനിവാസ് നായിക്കിന്റെയും ഭാര്യ സുജീതയുടെയും മക്കളാണ് മരിച്ച സഹോദരങ്ങള്‍. ശ്രീനിവാസ് അമേരിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനാണ്. മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലാണ് മൂവരും പഠിച്ചിരുന്നത്. ശ്രീനിവാസനും ഭാര്യയും കഴിഞ്ഞ വര്‍ഷമാണ് തെലങ്കാനയിലേക്ക് മടങ്ങിയത്.

അവധിക്ക് സ്‌കൂള്‍ അടച്ചെങ്കിലും മൂവരും ഇന്ത്യയിലേക്ക് മടങ്ങിയില്ല. കോഡ്രിറ്റ് കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് സഹോദരങ്ങള്‍ ഇവിടെ താമസിക്കാനെത്തിയത്. ചര്‍ച്ച് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ അമേരിക്കയിലെത്തി. കുട്ടികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ക്കായി സംഭാവന നല്‍കണമെന്ന് കോളിര്‍വില്ലെ പള്ളി അധികൃതര്‍ അഭ്യര്‍ഥിച്ചു.