അയ്യപ്പജ്യോതിയില്‍ അണിനിരന്ന് പതിനായിരങ്ങള്‍ ; ചില ഇടങ്ങളില്‍ സംഘര്‍ഷം

കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നടത്തിയ അയ്യപ്പജ്യോതിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ദേശീയപാതയിലും എം.സി റോഡിലുമായി 795 കിലോമീറ്റര്‍ ദൂരത്തില്‍ അയ്യപ്പജ്യോതി തെളിക്കാന്‍ പതിനായിരങ്ങള്‍ അണിനിരന്നു.

വൈകീട്ട് ആറു മുതല്‍ 6.30 വരെ ആയിരുന്നു പരിപാടി. മുന്‍ ഡിജിപിമാരായ ടി.പി സെന്‍കുമാര്‍, എം.ജി.എ രാമന്‍, സുരേഷ് ഗോപി എം.പി, മാടമ്പ് കുഞ്ഞിക്കുട്ടന്‍, കെ.എസ് രാധാകൃഷ്ണന്‍, പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിക്കാനെത്തി. ശബരിമല സന്നിധാനത്തും അയ്യപ്പ ജ്യോതി തെളിച്ചു.

അതേസമയം ചില ഇടങ്ങളില്‍ സംഘര്‍ഷങ്ങളും ഇതിനെ തുടര്‍ന്ന് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പയ്യന്നൂര്‍ കണ്ടോത്ത് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായി. പെരുമ്പയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതിയെ ആക്രമിച്ചുവെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ആരോപിച്ചു.