നാല് കക്ഷികള്‍ ചേര്‍ന്നാല്‍ മുന്നണിക്ക് കേരളത്തിലെ 47 ശതമാനം വോട്ടാണ്, അല്ലാതെ മന്ത്രിയാകാനല്ല: ബാലകൃഷ്ണ പിള്ള

കൊട്ടാരക്കര: നാല് കക്ഷികള്‍ കൂടി ചേര്‍ന്നാല്‍ ഇടതു മുന്നണിക്ക് കേരളത്തിലെ 47 ശതമാനം വോട്ട് ലഭിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. മന്ത്രിയാകാനല്ല മുന്നണി പ്രവേശനമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മന്ത്രിയാകാനായി മുന്നണിയില്‍ ചേരാന്‍ ആഗ്രഹിച്ചില്ല, ഇപ്പോഴും അങ്ങനെയൊരു ആഗ്രഹമില്ല. എന്റെ ഒരു കണക്കൂട്ടല്‍ വച്ച് നാല് കക്ഷികള്‍ കൂടി ചേര്‍ന്നാല്‍ മുന്നണിക്ക് കേരളത്തിലെ 47 ശതമാനം വോട്ടാണ്. അതില്‍ കൂടുതലല്ലാതെ കുറവ് വരില്ല. ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയത്തിന് കാരണമാകുമെന്നും പിള്ള പറഞ്ഞു. ഗണേഷ്‌കുമാര്‍ മുന്നണിയോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആര് പങ്കെടുക്കണമെന്ന് പറയുന്നുവോ അവര്‍ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ഏതായാലും ഇടതുമുന്നണിയിലെടുത്ത തീരുമാനം നന്നായി. എന്‍സിപിയുമായുള്ള ലയനകാര്യം ചര്‍ച്ചചെയ്യാന്‍ ജനുവരി 10ന് യോഗം ചേരും. അയ്യപ്പ ജ്യോതി ബിജെപി സ്പോണ്‍സേര്‍ഡ് പരിപാടിയാണ്. അയ്യപ്പ ജ്യോതിയുടെ കാര്യത്തില്‍ തങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇനി ഞങ്ങളുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കും. വനിതാ മതിലില്‍ പങ്കെടുക്കും.എന്‍എസ്എസ്സിന് വിരുദ്ധമായി മുമ്പും നിലപാടുകളെടുത്തിട്ടുണ്ട്.