ക്രിസ്മസ് ദിനത്തില്‍ തേടിയെത്തിയ ഭാഗ്യത്തില്‍ നന്ദി പറഞ്ഞു ഡീക്കന്‍ അനുരാജ്

ജെജി മാത്യു മാന്നാര്‍

റോം: വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസലിക്കയില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന പാതിരാകുര്‍ബാന മദ്ധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കാനുളള അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയായി മലയാളിയും നെയ്യാറ്റിന്‍കര രൂപതാഗവുമായ ഡീക്കന്‍ അനുരാജ്.

വിശ്വാസികള്‍ തിങ്ങി നിറഞ്ഞ സെന്റ് പീറ്റര്‍ ബസലിക്കയിലെ അള്‍ത്താരക്ക് മുന്നില്‍ നിര്‍മ്മിച്ചിരുന്ന പുല്‍ക്കൂട്ടിനുളളിലാണ് ഫ്രാന്‍സിസ് പാപ്പ ചുംബനം നല്‍കിയ ശേഷം കൈമാറിയ ഉണ്ണിയേശുവിനെ അനുരാജ് പ്രതിഷ്ഠിച്ചത്.

വൈദികവിദ്യാര്‍ത്ഥിയും നെയ്യാറ്റിന്‍കര രൂപതയിലെ വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദൈവാലയ അംഗവുമായ അനുരാജ് കഴിഞ്ഞ 5 വര്‍ഷമായി റോമില്‍ ഉപരിപഠനം നടത്തിവരുന്നു. നിലവില്‍ മോറല്‍ തിയോളജിയില്‍ 2ാം വര്‍ഷ ലൈസന്‍ഷ്യേറ്റ് ചെയ്ത് വരികയാണ് ഡീക്കന്‍ അനുരാജ്.