പ്രമുഖ നഗരങ്ങളില്‍ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ട 10 ഐഎസ് ഭീകരര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ഇന്ത്യയില്‍ സീരിയല്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടിരുന്ന ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഞ്ച് പേരെ കൂടി ഡല്‍ഹിയില്‍ നിന്നും പിടികൂടി. ഇവരില്‍നിന്ന് റോക്കറ്റ് ലോഞ്ചര്‍, വെടിമരുന്ന്, തോക്കുകള്‍, ക്ലോക്കുകള്‍ എന്നിവ പിടിച്ചെടുത്തു.

പൊതു സ്ഥലങ്ങളില്‍ സ്‌ഫോടന പരമ്പര ലക്ഷ്യമിട്ടിരുന്നുവെന്നും രാഷ്ട്രീയ നേതാക്കളും ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നുവെന്നും എന്‍ ഐ എ വ്യക്തമാക്കി. മനുഷ്യ ബോംബ് സ്‌ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നുവെന്നും എന്‍ ഐ എ പറഞ്ഞു.

ഇവരുടെ കൂട്ടാളികളായ അഞ്ചുപേരെ ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടനയില്‍ പെട്ടവരാണിവരെന്ന് എന്‍ ഐ എ വ്യക്തമാക്കി.

എന്‍ ഐ എ, യു പി പൊലീസ് എന്നിവയുടെ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടി കൂടിയത്. ഇതിന് പിന്നാലെയാണ് അഞ്ച് പേരെ കൂടി പിടികൂടിയത്. ഇതോടെ ഇതുവരെ ഇന്ന് 10 പേരെയാണ് അറസ്റ്റ് ചെയ്തത്. 16 പേര്‍ കസ്റ്റഡിയിലുണ്ട്.