വത്തിക്കാന്‍ സാമ്പത്തിക പരിഷ്‌കരണത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം

ജോര്‍ജ് ജോണ്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ രാഷ്ട്രത്തെയും, പരിശുദ്ധ സിംഹാസനത്തെയും ചേര്‍ത്ത് ഒരു സിംഗിള്‍ യൂറോ പേയ്മെന്റ്സ് ഏരിയ ആയി അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. വത്തിക്കാന്‍ ധനകാര്യ സംവിധാനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കാരങ്ങളെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. വത്തിക്കാന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുതാര്യത കൊണ്ടവരാനുള്ള പരിഷ്‌കരണ നടപടികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലേറിയ കാലം മുതല്‍ ശക്തമാക്കിയിരുന്നു. ഇതിന് പുറംലോകത്തുനിന്ന് കിട്ടുന്ന അംഗീകാരമാണിത്.

വത്തിക്കാന്റെ ധനകാര്യസംവിധാനത്തിന് ഒരു സ്വതന്ത്ര, സ്വയാധികാര സംവിധാനമായി യൂറോപ്യന്‍ യൂണിയനില്‍ ഇനി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുവരെ സാമ്പത്തിക കാര്യങ്ങളില്‍ വത്തിക്കാന്‍ സിറ്റിയെ ഇറ്റലി പരിഗണിച്ചിരുന്നത് യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഒരു രാജ്യത്തിനു സമാനമായിട്ടായിരുന്നു. അടുത്തഘട്ടം വത്തിക്കാന്‍ ബാങ്കിനും യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം നേടുക എന്നതാണ്. ആവശ്യമായ സുതാര്യതയും നിയന്ത്രണസംവിധാനങ്ങളും സാങ്കേതിക മികവും ഉണ്ടെന്നു തെളിയിക്കുന്ന മുറയ്ക്കാണു ബാങ്കിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിക്കുക.