ഖനി ദുരന്തം ; 15 തൊഴിലാളികളും മരിച്ചതായി സൂചന
മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്). വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങല്‍ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
‘ഇതൊരു നല്ല സൂചനയല്ല’, ഇതായിരുന്നു രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന എന്‍ ഡി ആര്‍ എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് സന്തോഷ് സിങ് പ്രതികരിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. ഖനിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചിരിക്കാമെന്നും മൃതശരീരം അഴുകിയതിന്റെ ഗന്ധമാണ് പുറത്തേക്ക് വമിക്കുന്നതെന്നുമുള്ള മുങ്ങല്‍ വിദഗ്ധരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സന്തോഷ് സിങിന്റെ പ്രതികരണം.
ഡിസംബര്‍ 13നാണ് മേഘാലയയിലെ കിഴക്ക് ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള റാറ്റ് ഹോള്‍ കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിക്കുള്ളില്‍ വെള്ളം നിറഞ്ഞതാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടാന്‍ കാരണം. വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ ഉപകരണം ഇല്ലാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങു തടിയായത്.
രക്ഷാപ്രവര്‍ത്തനത്തിനായി 100 കുതിര ശക്തിയുള്ള പത്ത് പമ്പുകള്‍ക്കായി ജില്ലാ ഭരണകൂടത്തോട് എന്‍ഡിആര്‍എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപേക്ഷ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായില്ല. ഇതുവരെ 25 കുതിര ശക്തിയുള്ള പമ്പുകള്‍ ഉപയോ?ഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ ഇവ അപര്യാപ്തമാണ്. ഇതിനാല്‍ തിങ്കളാഴ്ച മുതല്‍ പമ്പിംഗ് നടന്നിട്ടില്ല. തൊഴിലാളികളുടെ നിലവിലെ അവസ്ഥയെന്താണ് എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്തോഷ് സിങ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
തൊഴിലാളികളെ ജീവനോടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് അദ്ഭുതമായിരിക്കുമെന്നും, എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നും സന്തോഷ് സിങ് പറയുന്നു. തായ്ലാന്റ് ഗുഹയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഫുട്ബോള്‍ കോച്ചും കുടുങ്ങിയ സാഹചര്യത്തേക്കാള്‍ വളരെ സങ്കീര്‍ണമാണ് ജയന്തിയ ഹില്‍സിലെ കാര്യങ്ങളെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
എന്‍ഡിആര്‍എഫിന്റെ 70 ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ് ഡി ആര്‍ എഫ്) 22 പേരുമാണ് രക്ഷപ്രവര്‍ത്തനത്തിന് പങ്കെടുത്തത്. കഴിഞ്ഞ 14 ദിവസം കൊണ്ട് മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്. ഗുഹയിലെ ജലനിരപ്പ് 70 അടിയാണ്. 40 അടിയില്‍ ജലനിരപ്പുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മാത്രമേ എന്‍ ഡി ആര്‍ എഫ് ഡൈവര്‍മാര്‍ക്ക് പരിശീലനമുള്ളൂ. ഖനിക്കുളളില്‍ എവിടെയാണ് തൊഴിലാളികള്‍ ഉള്ളതെന്നത് തങ്ങള്‍ക്ക് കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകാനുള്ള പ്രധാന കാരണമെന്നും സന്തോഷ് സിങ് വ്യക്തമാക്കി.
ഖനിക്കുള്ളില്‍ എത്താന്‍ ഇതുവരെ കഴിയാത്തതില്‍ മൂന്ന് പ്രധാന ചോദ്യങ്ങളാണ് എന്‍ ഡി ആര്‍ എഫ് സംഘം ഉയര്‍ത്തുന്നത്. എത്ര ടണലുകള്‍ കല്‍ക്കരി ഖനനത്തിനായി നിര്‍മ്മിച്ചിട്ടുണ്ട്, ബേസ് ഏരിയയുടെ വ്യാപ്തി, ആഴം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് സംഘത്തിന് പ്രതിസന്ധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ വേണമെന്ന് എന്‍ ഡി ആര്‍ എഫ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ പ്രതികരണം