നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചിട്ടും ‘ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമയ്ക്ക് കോണ്‍ഗ്രസിന്‍റെ പച്ചക്കൊടി

പ്രമുഖ നേതാക്കളെ പേരെടുത്ത് വിമര്‍ശിക്കുന്ന തരത്തില്‍ ചിത്രീകരിച്ചിട്ടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള ചിത്രം ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’നെതിരെ യാതൊരുവിധ പ്രതിഷേധവും ഇല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി.

പ്രതിഷേധം നടത്തി ചിത്രത്തിന് അനാവശ്യമായ പ്രസിദ്ധി നല്‍കില്ല. കിംവദന്തികളാണ് ചിത്രത്തിലുള്ളതെന്നും ചിത്രത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പോലും താല്‍പ്പര്യപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സാലൂജ പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസ് ഇതുവരെ ഈ വിഷയത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞത്.

ചിത്രത്തിനെതിരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വക്താക്കള്‍ വിഷയത്തില്‍ നിലപാട് വിശദീകരിച്ചത്. ജനുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് ഒരു പ്രത്യേക സ്‌ക്രീനിംഗ് നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം സൂചിപ്പിച്ച് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യജീത്ത് താംബേ പാട്ടീല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു. മന്‍മോഹന്‍ സിംഗ് വളരെ ബുദ്ധിമാനായ ഭരണാധികാരി ആയിരുന്നു. ആക്‌സിഡന്റല്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് വളരെ തെറ്റാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താക്കളില്‍ ഒരാളായ സയ്ദ് സഫര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിത്രത്തിന്റെ ട്രെയിലറില്‍ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കണക്കറ്റ് പരിഹസിക്കുന്നതു കാണാം. അതുപോലെ സോണിയാഗാന്ധിയുടെ കഥാപാത്രം നെഗറ്റീവ് ആണെന്നും ട്രെയിലര്‍ വ്യക്തമാക്കുന്നു.