ലഹരി കടത്തല്‍ കേന്ദ്രമായി മാറി ഇടുക്കി ; പിടിയിലായത് ഏറെയും വിദ്യാര്‍ത്ഥികള്‍
സംസ്ഥാനത്തെ ലഹരി കടത്തലിന്റെ മുഖ്യ കേന്ദ്രമായി മാറി ഇവിടുള്ള ചെക്ക് പോസ്റ്റുകളില്‍ ലഹരി കടത്തുന്നവര്‍ പിടിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു . മറ്റു ജില്ലകളില്‍നിന്നുള്ള യുവാക്കളും വിദ്യാര്‍ഥികളുമാണ് പിടിയിലാകുന്നവരില്‍ ഏറെയും. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 240 പേരാണ് ഈ വര്‍ഷം മാത്രം എക്സൈസിന്റെ പിടിയിലായത്.
ഇതില്‍ ഭൂരിഭാഗം പേരും കഞ്ചാവ് കടത്തിനാണ് അറസ്റ്റിലായത്. ആഡംബര കാറുകളും ബൈക്കുകളുമാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്നത്. ‘വലിച്ചുതുടങ്ങിയ ശേഷം പിന്നീട് അതിനുള്ള പണം കിട്ടാതെവരുമ്പോള്‍ വിദ്യാര്‍ഥികള്‍ അറിയാതെ തന്നെ കാരിയര്‍മാരായി മാറുകയാണ്. തുടക്കത്തില്‍ പിടിക്കപ്പെടാതാകുമ്പോള്‍ വന്‍തോതിലുള്ള കഞ്ചാവ് കടത്തിലേക്ക് ഇവര്‍ എത്തിപ്പെടുന്നു.
ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലും റേഞ്ച് ഓഫീസിലുമായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 109 കഞ്ചാവ് കേസുകളാണ്. ഇതില്‍ അറസ്റ്റിലായ 72 പേര്‍ 18-25 പ്രായമുള്ളവരാണ്. കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍, കുമളി ചെക്ക്പോസ്റ്റുകളില്‍ 68 കേസുകളിലായി 109 പേരാണ് പിടിയിലായത്.
ഇതില്‍ 75 ശതമാനം പേരും യുവാക്കളും വിദ്യാര്‍ഥികളും പ്ലസ് ടു തലത്തിലാണ് വിദ്യാര്‍ഥികള്‍ കൂടുതലും കഞ്ചാവ് ഉപയോഗം തുടങ്ങുന്നത്. ബിരുദ തലത്തിലേക്ക് എത്തുമ്പോഴേക്കും അത് സിന്തറ്റിക് ഡ്രഗ്ഗുകളിലേക്ക് എത്തുന്നതായുമാണ് കാണുന്നതെന്ന് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സി.ഐ ശശികുമാര്‍ പറയുന്നു. ‘താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നതിനാലാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടുന്നത്.’