ചുഴലിക്കാറ്റ് തകർത്ത വീട് പുതുക്കിപ്പണിയാന്‍ പതിനായിരം രൂപയ്ക്ക് മകനെ വിറ്റു ; തമിഴ് നാട്ടില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത
തമിഴ് നാടിനെ തകര്‍ത്തെറിഞ്ഞ ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വവും നശിച്ചവര്‍ ആയിരങ്ങളാണ്. പല ഇടങ്ങളിലും ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അമ്പേ പരാജയമായ അവിടെ നിന്നും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗജ ചുഴലിക്കാറ്റിൽ തകർന്നുപോയ വീട് പുതുക്കിപ്പണിയുന്നതിന് പണം കണ്ടെത്താനായി മാതാപിതാക്കൾ പന്ത്രണ്ട് വയസ്സുള്ള സ്വന്തം മകനെ പതിനായിരം രൂപയ്ക്ക് വിറ്റു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് സംഭവം.
ബി.ചന്ദ്രു എന്നയാളാണ് തന്റെ കൃഷിഭൂമിയില്‍ കാലികളെ വളര്‍ത്താനായി കുട്ടിയെ വാങ്ങിയത്. 15 ദിവസമായി കാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടിയെ ഡിസംബര്‍ 2 നാണ് പോലീസ് മോചിപ്പിച്ചത്. അടിമവേലയിൽ നിന്ന് രക്ഷിച്ച കുട്ടിയെ പോലീസ് നാഗപട്ടണം സബ് കളക്ടര്‍ കിഷോര്‍ കുമാറിന്റെ ഓഫീസിൽ ഏൽപിക്കുകയായിരുന്നു. സബ്കളക്ടര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഗജയില്‍ നഷ്ടപ്പെട്ട വീട് പുതുക്കിപ്പണിയാനായി മാതാപിതാക്കള്‍ വിറ്റ വിവരം അറിയുന്നത്.
കുട്ടിയെ വാങ്ങിയ ആളിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബർ പത്ത് മുതൽ ഇരുപത് വരെയാണ് തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് വൻ നാശം വിതച്ച് വീശിയടിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് അറുപതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.