വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ ബാലസംഘത്തിന്‍റെ തീരുമാനം

ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ ബാലസംഘത്തിന്റെ തീരുമാനം. അടൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. വനിതാ മതില്‍ വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ പ്രമേയത്തില്‍ ആഹ്വാനമുണ്ട്. അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററിലാണ് ബാലസംഘം സംസ്ഥാന സമ്മേളനം നടക്കുന്നത്.

അതേസമയം, വനിതാ മതിലിലെ പണപ്പിരിവിനെ ചൊല്ലി വിവാദം തുടരുന്നു. നിര്‍ബന്ധിത പണപ്പിരിവെന്ന ആക്ഷേപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിര്‍ബന്ധിച്ച് പണം വാങ്ങിച്ചെന്ന് പറയാന്‍ ഒരു പ്രദേശിക കോണ്‍ഗ്രസ് നേതാവ് സ്ത്രീകളെ നിര്‍ബന്ധിച്ചെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ ആരോപണം.

നിര്‍ബന്ധിത പിരിവും ഭീഷണിയും സംസ്ഥാന വ്യാപകമായി നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. എന്നാല്‍ മതിലിന്റെ പേരില്‍ ഒരു കുടുംബശ്രീ പ്രവര്‍ത്തകയ്ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്ന് തോമസ് ഐസക്കും പ്രതികരിച്ചു. വനിതാ മതിലില്‍ പങ്കെടുക്കുവാന്‍ വിസമ്മതിക്കുന്ന സ്ത്രീകളെ പാര്‍ട്ടിക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണം പല ഇടങ്ങളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

 

അതേസമയം കോഴിക്കോട്ടെ വനിതാ മതില്‍ പിരിവ് സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനു നേരെ കയ്യേറ്റം ഉണ്ടായതായി റിപ്പോര്‍ട്ട്. ഉള്ള്യേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെമീര്‍ നളന്ദയ്ക്കു നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കയ്യേറ്റമുണ്ടായത്. ഇയാള്‍ മലബാര്‍ മെഡിക്കല്‍ കോളേജ് കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കയ്യേറ്റം ചെയ്തത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.