പെട്രോളിനും ഡീസലിനും വില ഇടിയുന്നു ; ക്രൂഡ് ഓയില്‍ നിരക്കും താഴോട്ട്
ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വന്‍ ഇടിവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പെട്രോള്‍, ഡീസല്‍ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഡീസല്‍ നിരക്ക് ഏപ്രിലിന് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കും എത്തി.
അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. കഴിഞ്ഞ ദിവസം വില 50 ഡോളറിനടുത്ത് വരെ എത്തിയിരുന്നു. 2017 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് നിരക്ക് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് ക്രൂഡ് ഓയില്‍ കൂപ്പുകുത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ 86.29 ഡോളറായിരുന്നു നിരക്ക്. ഈ പാദത്തില്‍ മാത്രം 40 ശതമാനത്തിലധികം ഇടിവാണ് ഇന്ധനവിലയില്‍ സംഭവിച്ചത്. സൗദിയെയും റഷ്യയെയും മറികടന്ന് യുഎസിന്റെ എണ്ണ ഉത്പാദനം കൂടിയതാണ് വിലയിടിവിനുളള പ്രധാന കാരണം.
രാജ്യത്ത് 14 മുതല്‍ 22 പൈസ വരെയാണ് വിവിധ നഗരങ്ങളില്‍ വില കുറഞ്ഞിരിക്കുന്നത്.