ഈഫൽ ടവ്വറിനേക്കാള്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റയിൽവേ കമാനപ്പാലം ഇന്ത്യയില്‍ ഒരുങ്ങുന്നു

ഈഫല്‍ ടവ്വറിനേക്കാള്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ കമാനപ്പാലം ഇന്ത്യയില്‍ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ റയില്‍ റോഡിനു പിന്നാലെ ലോകത്തെ തന്നെ ഏറ്റവും വലിയ റയില്‍വേ കമാനപ്പാലം കശ്മീരിലെ ചെനാബ് നദിയ്ക്ക് കുറുകെയാണ് വരുന്നത്.

കശ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള ഭാഗത്താണ് ഇന്ത്യന്‍ റയില്‍ വേ പാലം നിര്‍മ്മിക്കുന്നത്.മേല്‍ പാലത്തിന്റെ കമാനം 2017 ല്‍ ഉദ്ഘാടനം ചെയ്തിരുന്നു.

പണി പൂര്‍ത്തിയാകുമ്പോള്‍ 1315 മീറ്റര്‍ നീളവും,359 മീറ്റര്‍ ഉയരവുമുള്ള പാലം ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റയില്‍ വേ പാലമായിരിക്കും.പതിനാലു മീറ്റര്‍ വീതിയുള്ള ഇരട്ടവരിപ്പാതയും ഈ റയില്‍ വേ പാലത്തിനൊപ്പം നിര്‍മ്മിക്കും.ഈഫല്‍ ടവറിനേക്കാള്‍ 30 അടി ഉയരത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം.

2004 ലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതിശക്തമായ കാറ്റടിക്കുന്ന പ്രദേശമായതിനാല്‍ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയര്‍ന്നതോടെ 2008 ല്‍ നിര്‍മ്മാണം നിര്‍ത്തി വക്കുകയായിരുന്നു.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററിനു മുകളില്‍ എത്തിയാല്‍ ട്രയിന്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുമെന്ന ഉറപ്പിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്.

റിക്ടര്‍ സ്‌കെയിലില്‍ എട്ട് തീവ്രത വരെയുള്ള ഭൂചലനങ്ങളെയും,മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനെയും അതിജീവിച്ച്,120 വര്‍ഷത്തോളം നിലനില്‍ക്കും വിധമാണ് പാലത്തിന്റെ നിര്‍മ്മാണം.25000 മെട്രിക്ക് ടണ്‍ ഇരുമ്പ് ഉപയോഗിച്ചാണ് നിര്‍മ്മാണം.