വനിതാ മതില്‍ വര്‍ഗീയ മതില്‍ അല്ല എന്ന് തുഷാര്‍ വെള്ളാപ്പള്ളി

വനിതാ മതില്‍ വര്‍ഗീയ മതിലല്ലെന്ന് ബി.ഡി.ജെ.എസ്. അധ്യക്ഷനും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. സര്‍ക്കാര്‍ പരിപാടിയായ വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ബിഡിജെഎസില്‍ ഭിന്നതയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്നും തുഷാര്‍ വ്യക്തമാക്കി. വനിതാ മതിലില്‍ തന്റെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും പങ്കെടുക്കുമോ എന്ന് അറിയില്ലെന്നും തുഷാര്‍ പ്രതികരിച്ചു.

വനിതാ മതിലില്‍ സ്ത്രീയല്ലാത്തത് കൊണ്ട് പങ്കെടുക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനത്തെയാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിളിക്കാനാവില്ലെന്നും കോട്ടയത്ത് പറഞ്ഞു.

ബിഡിജെഎസിന്റെ എഴുപത് ശതമാനത്തില്‍ അധികം നേതാക്കളും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതില്‍ ശബരിമലയിലെ ആചാരങ്ങള്‍ക്ക് എതിരാണെന്ന് കരുതുന്നില്ലെന്നും കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളെ വിളിച്ചുകൂട്ടി സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ് എന്നും തുഷാര്‍ പറയുന്നു.