കോണ്‍ഗ്രസ്സ് വിജയിച്ചാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി : ശശി തരൂര്‍
രാഹുല്‍ ഗാന്ധി നമ്മുടെ നേതാവാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി എന്ന് പാര്‍ലമെന്റ് അംഗമായ ശശി തരൂര്‍. രാഹുല്‍ ഗാന്ധിക്ക് ഒരു മികച്ച പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന് പറഞ്ഞ തരൂര്‍. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയും സഖ്യകക്ഷികളും ചേര്‍ന്നാണെന്നും വ്യക്തമാക്കി.
അതേസമയം കൂട്ടുകക്ഷി ഭരണമാണെങ്കില്‍ സഖ്യക്ഷികളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ആരായിരിക്കണം എന്ന കാര്യത്തില്‍ വലിയ ചര്‍ച്ച വേണ്ടിവരുമെന്നും തരൂര്‍ പറഞ്ഞു.കോണ്‍ഗ്രസ് ഇതര നേതാക്കന്മാരുടേയും സമീപകാല പ്രസ്താവനകള്‍ തെളിയിക്കുന്നത് രാഹുല്‍ തന്നെയാണ് ഇക്കാര്യത്തില്‍ യോഗ്യന്‍ എന്നാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ഞാനും രാഹുല്‍ ഗാന്ധിയും തമ്മില്‍ നിരവധി തവണ അടുത്ത് ഇടപഴകുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രാഹുല്‍ എന്നാണ് താന്‍ മനസിലാക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ വാര്‍ത്ത ഏജന്‍സിയായ പി ടി ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.