മുതിര്‍ന്ന സി പി എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് ബ്രിട്ടോ തൃശൂരിലായിരുന്നു. ഒരു പൊതുവേദിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിയിലാണു പൊതുപ്രവര്‍ത്തനം നടത്തിയത്.
എസ്എഫ്‌ഐ കാമ്പസുകളില്‍ പ്രചാരം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ബ്രിട്ടോ എസ്എഫ്‌ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ ആക്രമണത്തിന് ഇരയായി. ആക്രമണത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ ബ്രിട്ടോ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.
എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിന്‍ റോഡ്രിഗസിന്റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ച ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലും ബീഹാറിലെ മിഥില സര്‍വ്വകലാശാലയിലുമായിരുന്നു.
ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്‌കറിന്റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീട് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായി. കയനില മകളാണ്.