പുതുവത്സര മറവില്‍ മയക്കുമരുന്ന് ഒഴുകാന്‍ സാധ്യത ; ഡി ജെ പാര്‍ട്ടികള്‍ പോലീസിന്റെ നിരീക്ഷണത്തില്‍
പുതുവത്സരം അടിച്ചു പൊളിക്കാന്‍ മാളുകളും ഹോട്ടലുകളും സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ കര്‍ശനമായി നീരീക്ഷിക്കുകയാണ് എക്‌സൈസ്-പോലീസ് വിഭാഗങ്ങള്‍ . അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആഘോഷം പൊലിപ്പിക്കാന്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിരീക്ഷിക്കാനായി എക്‌സൈസ് പോലീസ് സംഘങ്ങള്‍ സുസജ്ജമായത്.
മയക്കുമരുന്നുകള്‍ വ്യാപകമായി കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസ് ഇന്റലിജന്‍സും വിലയിരുത്തിയിരുന്നു. ഇതോടെ യുവാക്കളെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പുതുവത്സര പാര്‍ട്ടികളിലും പോലീസ്-എക്‌സൈസ് സംഘം പരിശോധന നടത്തും.
ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ കൂടാതെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോഡ്ജുകളിലും സംഘം പരിശോധന നടത്തും. ബാറുകള്‍ അടക്കമുള്ളവ കൃത്യമായ സമയത്ത് അടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ അറിയിച്ചു.
യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പനയ്ക്കായി കൊണ്ടുവന്ന നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ എല്‍എസ്ഡി ഷുഗര്‍ ക്യൂബ്, ഹാഷിഷ് എന്നിവയടക്കവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസും ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ചേര്‍ന്ന് കഴിഞ്ഞ ദിവസം മൂന്ന് യുവാക്കളെ പിടികൂടിയിരുന്നു.
ഡി ജെ പാര്‍ട്ടികളില്‍ ഏതു സമയവും പരിശോധന നടത്താന്‍ ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെ പ്രത്യേക ടീമുകളെ ഒരുങ്ങിയിട്ടുണ്ട്. ഇതിനു പുറമേ നേരത്തെ ലഹരി ഉപയോഗവും വില്‍പനയുമായും ബന്ധപ്പെട്ട് പിടിയിലായവരേയും നിരീക്ഷിച്ചുവരികയാണ്.