അല്പ സമയത്തേയ്ക്ക് ഒന്നും ചെയ്യാതിരിക്കാന്‍ ശീലിക്കുക

ഒരു പുതുവര്‍ഷം കൂടി സമാഗതമാകുന്നു. അനവധി പ്രതീക്ഷകള്‍, പുതിയ പ്രതിജ്ഞകള്‍, എത്രയോ സ്വപ്നങ്ങള്‍…ഇവയെല്ലാം നമ്മുടെ മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഇവയ്‌ക്കെല്ലാം നമ്മുടെ മനസ്സില്‍ ഏതാനും ദിവസങ്ങളുടെയോ, ആഴ്ചകളുടെയോ ആയുസ് മാത്രമേ ഉണ്ടായിരിക്കു. അതല്ലേ നമ്മുടെ അനുഭവം?

പ്രതിജ്ഞകള്‍ ഒന്നും ഇല്ലാതെ പുതുവര്‍ഷാരഭം മുതല്‍ നമുക്കു പരീക്ഷിക്കാവുന്നതും മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുന്നതുമായ ഒരു പ്രവൃത്തിയുണ്ട്. ചൈനീസ് ഭാഷയില്‍ ഇതിന് വു വൈ എന്നു പറയും. അമിതമായ അധ്വാനം, അഥവാ, കഠിനമായ എല്ലാ യത്‌നങ്ങളും ഒഴിവാക്കി നമ്മുടെ സ്വഭാവികമായ ഊര്‍ജ്ജശ്രോതസ്സില്‍ ഒരു നിമിഷം ലയിക്കുക (non-doing) എന്നാണ് ഇതിന്റെ അര്‍ഥം. ഇതിന് അലസമായിരിക്കുക (not doing) എന്നോ, വെറുതെ ഇരിക്കുക എന്നോ അര്‍ത്ഥമില്ല. ഒരു ദിവസത്തില്‍ എത്ര പ്രാവശ്യം വേണമെങ്കിലും ആയാസരഹിതമായ ഈ പ്രവൃത്തി നമുക്കു ചെയ്യാം.

മലകളെ മറിക്കുന്നതിനേക്കാള്‍ നമുക്ക് പലര്‍ക്കും പ്രയാസമുള്ള കാര്യമാണ് അല്പ സമയം ഒന്നും ചെയ്യാതിരിക്കുക എന്നത്.

ദിക്കുകളും ദിശകളും തിരക്കാതെ, സമയവും കാലവും അറിയാന്‍ ശ്രമിക്കാതെ, എപ്പോഴും എവിടെയും അല്പ സമയം നമ്മുടെ ശാരീരിക, മനോവൃത്തികളെ നിരീക്ഷിക്കുക. അഥവാ, ഇപ്പോള്‍ ഇവിടെ മാത്രം ആയിരിക്കുക അതാണ് വു വൈ. നമ്മുടെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ത്തി കളയുന്ന, നാം അറിയാതെ നമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ആന്തരീക സംഭാഷണങ്ങളോടുളള വിട പറയുന്നു. അത്രമാത്രമേ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുളളു.

അപ്രായോഗിക പ്രതിജ്ഞകളെക്കാള്‍, അത്യന്തം ഗുണകരമായ ഈ അഭ്യാസമാകട്ടെ നാം നമുക്ക് തന്നെ നല്കുന്ന പുതുവത്സര സമ്മാനം.

ഇത് സ്വഭാവികവും സ്വതസിദ്ധവുമായ നമ്മുടെ പ്രകൃതിയിലേക്കുളള തിരിച്ചു പോക്കാണ്.

ഇതുവഴി നമുക്ക് എന്തു ലഭിക്കും?
പ്രകൃതിയുമായി നാം ഒന്നു ചേരും.
നിബന്ധനകളില്ലാതെ നമ്മുടെ സമയവും ഊര്‍ജ്ജവും ദാനം ചെയ്യാന്‍ നാം പഠിക്കും.
അനുദിന സംഭവങ്ങളെ അതിന്റെ വഴിക്കു വിടാന്‍ നമുക്കു കഴിയും.
സ്വഭവേനയുളള പ്രതിസന്ധികളെ തുറന്ന മനസ്സോടെ സമീപിക്കാന്‍ നാം പഠിക്കും.

നിറവേറ്റാന്‍ കഴിയാത്ത പ്രതിജ്ഞകളും യാഥാര്‍ത്ഥ്യമക്കാന്‍ കഴിയാത്ത സ്വപ്നങ്ങളും ഇനിയും നമുക്ക് വേണോ?

അല്പ സമയം വെറുതെ, ശരിക്കും വെറുതെ ഇരിക്കാന്‍ ശീലിക്കുക.

ഇതാണ് ജീവനകലയുടെ ആദ്യത്തെ കാലടി.

ഒരു മല പോലെ ഉറച്ചതായിരിക്കുക; ഒരു പുഴ പോലെ ഒഴുകുക.

മലയാളി വിഷന്റെ സ്‌നേഹിതര്‍ക്ക് പുതുവര്‍ഷത്തിന്റെ ആശംസകള്‍..നന്മകള്‍…

ആശയത്തിന് കടപ്പാട്: ആന്റണി പുത്തന്‍പുരയ്ക്കല്‍