മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി : വ്യാഴാഴ്ച ലോക്‌സഭ പാസാക്കിയ പുതുക്കിയ മുത്തലാഖ് ബിൽ തിങ്കളാഴ്ച രാജ്യസഭ പരിഗണിക്കും. അതേസമയം പ്രതിപക്ഷത്തിന്‌ മേൽക്കൈയുള്ള രാജ്യസഭയിൽ ബിൽ പാസാക്കൽ സർക്കാരിന് എളുപ്പമല്ല. കഴിഞ്ഞവർഷം രാജ്യസഭയിൽ അവതരിപ്പിച്ച മുത്തലാഖ് ബിൽ പിൻവലിക്കാതെയാണ് നിലവിലുള്ള ഓർഡിനൻസിന്‌ പകരമുള്ള ബിൽ അവതരിപ്പിക്കുന്നത്.

പഴയ ബിൽ പിൻവലിക്കാതെ പുതിയത് അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർക്കും. ലോക്‌സഭ പാസാക്കിയ പുതിയ ബില്ലും നിലവിലുള്ള ഓർഡിനൻസും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം സുബ്ബരാമി റെഡ്ഡി നിരാകരണപ്രമേയം അവതരിപ്പിക്കും. ബിൽ കൂടുതൽ പരിശോധനയ്ക്കായി രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക്‌ വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം ബിൽ പാസായില്ലെങ്കിലും അവതരണത്തിലൂടെത്തന്നെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നിറവേറിക്കഴിഞ്ഞെന്ന നിലപാടാണ് ബി.ജെ.പി.ക്ക്.

എങ്കിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയം നേടിയ മാതൃകയിൽ പ്രതിപക്ഷത്തുനിന്ന് അംഗങ്ങളുടെ പിന്തുണ ചോർത്താനുള്ള ശ്രമങ്ങൾ സജീവമാണ്. ഒരുമിച്ച്‌ മൂന്നുവട്ടം മൊഴിചൊല്ലി (മൂന്ന് തലാഖ്) വിവാഹബന്ധം വേർപെടുത്തുന്നത് ഭര്‍ത്താവിന് മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ.