ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനു പിന്നില്‍ നടന്നത് സര്‍ക്കാരിന്റെ അനുവാദത്തോടെയുള്ള പോലീസ് ആസൂത്രണം
യുവതികളെ സന്നിധാനത്ത് എത്തിച്ചതിനു പിന്നില്‍ കേരളാ പോലീസിന്റെ ഏഴു ദിവസത്തെ ആസൂത്രണമെന്നു സൂചന. 2018 ഡിസംബര്‍ 24 ന് യുവതികള്‍ ശബരിമലയിലെത്തുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം തേടിയിരുന്നു. എന്നാല്‍ കാത്തിരിക്കാനായിരുന്നു വകുപ്പിന്റെ മറുപടി. യുവതികളെ പൊലീസ് നിയന്ത്രണത്തില്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലുള്ള താമസസ്ഥലത്തെത്തിച്ചു. പിന്നീട് സ്ഥലങ്ങള്‍ മാറി. ഉന്നത ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് ഇവരുടെ വിവരങ്ങള്‍ അറിയാമായിരുന്നത്.
വനിതാ പൊലീസിന്റെ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തില്‍ കഴിഞ്ഞ ഇവരെ പുറത്തുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല. ഇന്നലെ വൈകിട്ടോടെയാണ് യുവതീപ്രവേശത്തിനു സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തത്. സര്‍ക്കാര്‍ നയം വ്യക്തമാക്കിയതോടെ പൊലീസ് സംഘം രാത്രി തന്നെ രഹസ്യമായി യുവതികളുമായി എരുമേലിയിലേക്കെത്തി.
യുവതികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇരുപതില്‍ താഴെ ഉദ്യോഗസ്ഥരൊഴികെ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരാരും യുവതികളെത്തുന്ന വിവരം അറിഞ്ഞില്ല. ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ അറിയിച്ചുകൊണ്ടിരുന്നു. യുവതികളെ പോലീസ് സന്നിധാനത്ത് എത്തിച്ചത് വേഷപ്രച്ഛന്നരായിട്ടായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യാജേന പുരുഷ വേഷം ധരിപ്പിച്ചാണ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്.
അരവണ പ്ലാന്റിന് അടുത്ത് വെച്ചാണ് ബിന്ദുവും കനകദുര്‍ഗയും പുരുഷ വേഷം മാറ്റിയത്. വന്‍ പോലീസ് അകമ്പടിയോടെയാണ് സന്നിധാനത്ത് എത്തിച്ചത്. 70 അംഗ പോലീസ് സംഘം എത്തിയതും അയ്യപ്പ വേഷത്തില്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസിന്റെ പദ്ധതി.
ട്രാക്ടര്‍ പോകുന്ന പാതയിലൂടെ യുവതികളെ സന്നിധാനത്തിനടുത്ത് എത്തിച്ചു. മഫ്ടിയില്‍ പൊലീസ് സംഘം യുവതികളെ അനുഗമിച്ചു. ജീവനക്കാര്‍ പോകുന്ന വഴിയിലൂടെ കൊടിമരത്തിനടുത്ത് എത്തിയ യുവതികള്‍ അഞ്ചു മിനിറ്റിനുള്ളില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയും ചെയ്തു.യുവതികളെ മല കയറ്റിയതും ഇറക്കിയതും പോലീസിന്റെ തന്നെ ആംബുലന്‍സിലായിരുന്നു. ആചാരലംഘനത്തിന് ശേഷം പന്നി ആക്രമിച്ചെന്ന പേരിലായിരുന്നു യുവതികളെ താഴേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയത്.