ഭർത്താക്കന്മാരെ ഉപേക്ഷിച്ചു ; സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ വിവാഹംകഴിച്ചു

സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ തമ്മില്‍ പുതുവത്സര ദിനത്തില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ് ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച ശേഷം 24,26വയസ്സുള്ള യുവതികള്‍ തമ്മില്‍ വിവാഹിതരായത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്ന് ചേര്‍ന്നത്.

ഞങ്ങള്‍ ആറ് വര്‍ഷമായി പ്രണയത്തിലാണ്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ എതിര്‍ക്കുകയായിരുന്നു. ശേഷം ഞങ്ങളെ നിര്‍ബന്ധിച്ച് മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുത്തു. എന്നാല്‍ മറ്റൊരാളുമായി വിവാഹം കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്ക് പരസ്പരം മറക്കാന്‍ സാധിച്ചില്ല-യുവതികള്‍ പറയുന്നു.

അതേ സമയം ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും അതിനുള്ള ഉത്തരവ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ലെന്നും ഇവരുടെ അഭിഭാഷകയായ ദയ ശങ്കര്‍ തിവാരി പറഞ്ഞു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ വെച്ചാണ് യുവതികള്‍ രണ്ട് പേരും കണ്ടുമുട്ടുന്നത് തുടര്‍ന്ന് പ്രണയത്തിലാകുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്നും വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണമെന്നും ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറയുകയുണ്ടായി.