തെരുവുയുദ്ധം, ബോംബേറ്, കത്തിക്കുത്ത് ; എങ്ങും അക്രമങ്ങള്‍ ; നിശ്ചലമായി കേരളം
ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ കേരളം കണ്ടത് കേരളം ഇതുവരെ കാണാത്ത അക്രമം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ബോംബെറിഞ്ഞും അക്രമം നടത്തിയും കലാപകാരികള്‍ അഴിഞ്ഞാടി. നെടുമങ്ങാട്ടും തലശേരിയിലും ബോംബേറുണ്ടായി. തൃശ്ശൂര്‍ വാടാനപ്പള്ളിയിലും കാസര്‍കോടും കത്തിക്കുത്ത്. അടുത്ത കാലത്തൊന്നും കാണാത്ത അക്രമങ്ങളാണ് ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലിനെ തുടര്‍ന്ന് കേരളത്തില്‍ അരങ്ങേറുന്നത്.
ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ പല സ്ഥലത്തും അക്രമാസക്തമായി. പല സ്ഥലത്തും ഇടതുപാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെ പ്രകടനക്കാര്‍ തിരിഞ്ഞു.
ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് ഒരുപാടിടങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രക്ഷോഭകര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.
വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന വ്യാപാര സംഘടനകളുടെ പ്രഖ്യാപനം നടപ്പിലാക്കാന്‍ ആയില്ല. തുറന്ന കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. പല സ്ഥലത്തും പൊലീസും പ്രതിഷേധക്കാരും ഇതിന്റെ പേരിലും ഏറ്റുമുട്ടി.
സര്‍ക്കാര്‍ ഓഫീസുകളും അക്രമിക്കപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകളും പൊലീസ് വാഹനങ്ങളും വ്യാപകമായി തകര്‍ത്തു.
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും കല്ലേറില്‍ തകര്‍ത്തു. സംസ്ഥാനത്തിന്റെ എല്ലായിടത്തും ഗതാഗതം താറുമാറായി. പമ്പയിലേക്ക് ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു ബസുകള്‍ ഓടിയത്.
സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ചിലയിടങ്ങളില്‍ ഓഫീസുകള്‍ക്ക് തീയിട്ടു. ബിജെപി ഓഫീസുകളും ആക്രമിക്കപ്പെട്ടു. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ സിപിഎമ്മുകാരും സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബിജെപിക്കാരും അക്രമം അഴിച്ചുവിട്ടു.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ മര്‍ദ്ദനത്തിന് ഇരയായി. സംഘര്‍ഷങ്ങള്‍ക്കിടെ 100 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ന്നതായി എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. 3.35 കോടി രൂപ നഷ്ടം കണക്കാക്കുന്നു. പ്രതിഷേധ സൂചകമായി തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ തലസ്ഥാന നഗരിയില്‍ വിലാപയാത്ര നടത്തി.
കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി. കോഴിക്കോട് മിഠായി തെരുവില്‍ രാവിലെ തുറന്ന കടകള്‍ക്ക് നേരെ നടന്ന ആക്രമണം മണിക്കൂറുകള്‍ നീണ്ട തെരുവുയുദ്ധമായി. ആലുവയിലും കൊല്ലത്തുമടക്കം നിരവധി സ്ഥലങ്ങളില്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.
വിവിധ സംഭവങ്ങളില്‍ സംസ്ഥാനത്ത് 766 പേരാണ് അറസ്റ്റിലായത്. 628 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു.