15 മില്യണ്‍ ദിര്‍ഹം: അബുദാബി ബിഗ് ടിക്കറ്റ് വിജയിച്ചത് മലയാളി
ഡിസംബര്‍ മാസത്തെ ബിഗ് ടിക്കറ്റ് വിജയിച്ചത് മലയാളിയായ ശരത് പുരുഷോത്തമന്‍, ടിക്കറ്റ് നമ്പര്‍ 083733. ഇന്ന് രാവിലെയാണ് നറുക്കെടുപ്പ് നടന്നത്. 10,000 ദിര്‍ഹംസ് മുതല്‍ 15 മില്യണ്‍ ദിര്‍ഹംസ് വരെ സമ്മാനങ്ങള്‍ ആണ് ഉള്ളത്. ഇത്തവണ വിജയിച്ച പത്തു പേരില്‍ ഏഴു പേരും ഇന്ത്യക്കാരാണ്. രണ്ടാം സമ്മാനമായ ഒരു മില്യണ്‍ നേടിയത് മലയാളിയായ ജിനചന്ദ്രന്‍ ആണ്, ടിക്കറ്റ് നമ്പര്‍ 107150.
ടിക്കറ്റ് എടുത്തവര്‍ ഉള്‍പ്പടെ നിരവധി പേരുടെ സാന്നിധ്യത്തില്‍ ആണ് ഇന്ന് അബുദാബി എയര്‍പോര്‍ട്ടിലെ അറൈവല്‍ ഹാളില്‍ നറുക്കെടുപ്പ് നടന്നത്. നറുക്കെടിപ്പിന് ശേഷം ബിഗ് ടിക്കറ്റ് കോഓര്‍ഡിനേറ്റര്‍ ആയ റിച്ചാര്‍ഡ് ശരത്തിനെ ഫോണില്‍ ബന്ധപ്പെട്ടു. മെഗാ സമ്മാനമായ 15 മില്യണ്‍ ശരത് നേടിയിരിക്കുന്നു എന്ന് റിച്ചാര്‍ഡ് അറിയിച്ചു എങ്കിലും പ്രാങ്ക് കാള്‍ ആണെന്ന് കരുതി ശരത് അത് വിശ്വസിച്ചില്ല. റിച്ചാര്‍ഡ് രണ്ടാമതും വിളിച്ചു, ഇത് പ്രാങ്ക് കാള്‍ അല്ല, താങ്കള്‍ ഷെശ്രിക്കും വിജയിച്ചിരിക്കുകയാണ് എന്ന് റിച്ചാര്‍ഡ് ശരത്തിനോട് പറഞ്ഞു, ‘ഒക്കെ ഞാന്‍ ചെക്ക് ചെയ്തിട്ട് തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു ശരത് ഫോണ്‍ കട്ട് ചെയ്തു. ഇത് കേട്ടതും ഹാളില്‍ വലിയ കൂട്ടച്ചിരിയായിരുന്നു.
എല്ലാ മാസവും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഒന്നാം സമ്മാനം 10 മില്യണ്‍ ദിര്‍ഹംസ് ആണ് സാധാരണ നടക്കുന്നത്. ഇന്ന് നറുക്കെടുത്ത ഡിസംബര്‍ മാസത്തെ ബിഗ് ടിക്കറ്റ് സമ്മാനം ആണ് ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ തുക, 15 മില്യണ്‍ ദിര്‍ഹംസ്. ടിക്കറ്റ് ഓണ്‍ലൈന്‍ ആയും എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ടും വാങ്ങാവുന്നതാണ്. ഇന്ന് സമ്മാനം നേടിയ ആദ്യ അഞ്ചുപേരുള്‍പ്പടെ ഏഴുപേര്‍ ഓണ്‍ലൈന്‍ ആയി ടിക്കറ്റ് വാങ്ങിയവരാണ്.