സര്‍ക്കാര്‍ വാദം പൊളിഞ്ഞു ; ബിജെപി പ്രവർത്തകന്‍ മരിക്കാന്‍ കാരണം തലയ്ക്കേറ്റ ക്ഷതം തന്നെ
പത്തനംതിട്ടയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ ആക്രമസംഭവമല്ല മരണത്തിനു കാരണമായത് എന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങള്‍ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് പന്തളം സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താന്‍.
ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.
മരണകാരണ ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് പ്രസ്താവിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം നടക്കുന്നതിന് മുമ്പേ ഇങ്ങനെ പറഞ്ഞത് വിവാദമായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് ബിജെപി ആരോപിച്ചത്.