“സലായ്ക്കല്ല തനിക്കായിരുന്നു പുസ്‌കാസ് അവാര്‍ഡ് കിട്ടേണ്ടിയിരുന്നത്”
പുസ്‌കാസ് അവാര്‍ഡ് നഷ്ടമായതില്‍ ക്രിസ്റ്റിയാനോയ്ക്ക് ഉണ്ടായ നിരാശയും അമര്‍ഷവും ഇപ്പോഴാണ് മറനീക്കി പുറത്തു വരുന്നത്. ഫിഫയ്ക്കെതിരെ വിമര്‍ശിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സുന്ദരമായ ഗോളിന് ഫിഫ നല്‍കുന്ന പുസ്‌കാസ് അവാര്‍ഡ് നേടിയത് മുഹമ്മദ് സലായാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍നെതിരെ സലാഹ് ലിവര്‍പൂളിന് വേണ്ടി നേടിയ ഗോളിനാണ് അവാര്‍ഡ് നേടിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്റസിനെതിരെ റയല്‍ മാഡ്രിഡിനു വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍സോ നേടിയ ബൈസിക്കിള്‍ കിക്ക് ഗോളിനെ മറികടന്ന് സലാഹ് പുസ്‌കാസ് അവാര്‍ഡ് നേടിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നോമിനേറ്റ് ചെയ്യപ്പെട്ട മികച്ച 10 ഗോളുകളില്‍ സലായുടെയും റൊണാള്‍ഡോയുടെയും കൂടാതെ ഗാരെത് ബെയ്ലിന്റെ ബൈസിക്കിള്‍ കിക്ക് ഗോളും ഏറെ മനോഹരമായിരുന്നു.
കഴിഞ്ഞ ദിവസം ദുബായില്‍ വച്ച് നടന്ന ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സില്‍ മികച്ച കളിക്കാരനുള്ള അവാര്‍ഡ് നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു ക്രിസ്റ്റിയാനോ.
‘ഫിഫ എസ്സിക്യൂട്ടിവുകള്‍ക്ക് ഫുട്ബാള്‍ എന്ന കളി എന്താണെന്ന് അറിയാമായിരുന്നെങ്കില്‍ പുസ്‌കാസ് അവാര്‍ഡ് മുഹമ്മദ് സലായ്ക്കല്ല മറിച്ച് തനിക്കു തന്നെ ലഭിക്കുമായിരുന്നു. ഫുട്ബാളിനെ കുറിച്ച് അറിയാവുന്നവര്‍ക്ക് മനസിലാകും താന്‍ നേടിയ ആ ഗോള്‍ കിട്ടുക എന്നത് എന്തുമാത്രം പ്രയാസകരം ആണെന്ന്.’
‘എന്റെ ഇതുവരെയുള്ള കരിയറില്‍ 700 ഓളം ഗോളുകള്‍ അടിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും മികച്ചതും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഈ ഗോള്‍ തന്നെയാണ്. എന്റെ ഇപ്പോഴത്തെ ടീമായ യുവന്റസിനെതിരെ നേടിയ ഗോള്‍ ആണെന്നുള്ള ഒരു കുറവ് അതില്‍ ഞാന്‍ കാണുന്നുള്ളൂ.’
ഫുട്ബാള്‍ ആരാധകരെ അമ്പരപ്പിച്ച വാര്‍ത്തയാണ് റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോളിനെ മറികടന്ന് സലാഹ് നേടിയ ഈ അവാര്‍ഡ്. മാത്രമല്ല സലായ്ക്ക് അവാര്‍ഡ് ലഭിച്ച ഗോയലിനേക്കാള്‍ മികച്ചതും മനോഹരവുമായ മറ്റു ഗോളുകള്‍ സലാഹ് തന്നെ അടിച്ചിട്ടുണ്ടെന്നും ആണ് ആരാധകരുടെ പക്ഷം.
ഹങ്കേറിയന്‍ ഫുട്ബാള്‍ ഇതിഹാസം ഫെരെങ്ക പുസ്‌കാസിന്റെ പേരില്‍ 2009 മുതല്‍ ഫിഫ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആണ് ‘ഫിഫ പുസ്‌കാസ് അവാര്‍ഡ്’. ഓരോ വര്‍ഷവും ഏറ്റവും മനോഹരമായ ഗോള്‍ നേടിയ കളിക്കാരന് നല്‍കിവരുന്ന അവാര്‍ഡ് ആണിത്. ആദ്യ പുസ്‌കാസ് നേടുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. നെയ്മറും ഇബ്രാഹിമോവിച്ചും റോഡ്രിഗസും ആണ് ഈ അവാര്‍ഡ് നേടിയിട്ടുള്ള മറ്റു പ്രമുഖര്‍. ഏറ്റവും കൂടുതല്‍ തവണ (6) നോമിനേറ്റ് ചെയ്യപ്പെട്ട താരം ലിയോണല്‍ മെസ്സിയാണ് എങ്കിലും ഇതുവരെ അവാര്‍ഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.