നരേന്ദ്രമോഡിയായി വിവേക് ഒബ്റോയ് വേഷമിടുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. നരേന്ദ്രമോദി ആയി വേഷമിടുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ്. ചിത്രം സംവിധാനം ചെയ്യുന്നത് ഒമങ് കുമാര്‍ ആണ്. മേരി കോം, സരബ്ജിത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആണ് ഒമങ്. ‘പിഎം നരേന്ദ്രമോദി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഏറെ നാളായി ചിത്രത്തിനായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. മോദിയുടെ വേഷം പരേഷ് റാവല്‍ ചെയ്യും എന്നാണ് തുടക്കം മുതല്‍ പറഞ്ഞുകേട്ടത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് വിവേക് ഒബ്റോയ് ചിത്രത്തില്‍ മോഡിയായി വേഷമിടുന്നു എന്ന വാര്‍ത്ത ഇന്ന് സ്ഥിരീകരിച്ചത്. ഫിലിം ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ട്വീറ്റിലൂടെ ഈ വിവരം പുറത്തു വിട്ടത്. സരബ്ജിത്, രാം ലീല തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് സിംഗ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് ജനുവരി 7നു റിലീസ് ചെയ്യും. ജനുവരി 15 ഒടുകൂടി തന്നെ ഷൂട്ടിംഗ് ആരംഭിച്ച് ഫെബ്രുവരിയില്‍ തന്നെ ചിത്രം പുറത്തിറക്കാന്‍ ആണ് അണിയറപ്രവര്‍ത്തക്കാര്‍ ഒരുങ്ങുന്നത്. 2019 ലോക്സഭാ ഇലക്ഷന് മുന്‍പ് ചിത്രം റിലീസ് ചെയ്യും എന്നത് ഉറപ്പാണ്.

ജീവചരിത്ര സംബന്ധിയായ സിനിമകളുടെ വര്‍ഷമാണ് 2019. റിലീസ് ആകാനിരിക്കുന്ന ഏറെ പ്രതീക്ഷയുള്ള ബിപിക്കുകള്‍ ആണ് ഗുഞ്ചന്‍ സക്‌സേന, മണികര്‍ണ്ണിക എന്നിവ. ഈ ആഴ്ച പുറത്തിറങ്ങിയ ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രവും അടുത്ത മാസം പുറത്തിറക്കാന്‍ ഒരുങ്ങുന്ന ‘പിഎം നരേന്ദ്രമോദി’ എന്ന ചിത്രവും രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്. ഇത് ഇലക്ഷനില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.