ട്രെയിനില്‍ ഇനി ഓടിക്കയറുവാന്‍ കഴിയില്ല ; ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തണം
ഇനി ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും വിടുന്നതിന് മുമ്പ് ഓടിക്കയറുവാന്‍ കഴിയില്ല. കാരണം പുതിയ സംവിധാനത്തിന് കളമൊരുക്കുകയാണ് ഇന്ത്യറെയില്‍വേ. ഇനിമുതല്‍ വിമാനത്തവളങ്ങളിലേത് പോലെ യാത്ര പോകേണ്ട ട്രെയിനിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനില്‍ എത്തണം. സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാകണം. എങ്കില്‍ മാത്രമേ ഇനി നിങ്ങള്‍ക്ക് ട്രെയിന്‍ യാത്ര ചെയ്യാന്‍ പറ്റൂ.
വിമാനത്താവള മാതൃകയില്‍ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വെ തീരുമാനിച്ചതായി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറാണ് വ്യക്തമാക്കി .
സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 2016 ല്‍ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഷനിലേക്ക് കയറാനുള്ള വഴികള്‍ പ്രത്യേകമായി നിശ്ചയിക്കും. ആദ്യ ഘട്ടത്തില്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കില്ല. എന്നാല്‍ മുഴുവന്‍ പ്രവേശന കവാടങ്ങളും ആര്‍പിഎഫിന്റെ നിയന്ത്രണത്തിലാക്കും.
പ്രവേശനം മിക്കവാറും ഒരു കവാടത്തിലൂടെ മാത്രമാക്കാന്‍ ശ്രമിക്കും. എല്ലാ കവാടത്തിലും സുരക്ഷാ പരിശോധനയുണ്ടാകും. ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകള്‍ ഉണ്ടാവുകയെന്നും ആര്‍പിഎഫ് ഡയറകടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പിടിഎയോട് പറഞ്ഞു.
സിസിടിവി ക്യാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂണിറ്റ്, പ്രവേശന നിയന്ത്രണ സംവിധാനങ്ങള്‍, കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫെയ്‌സ് ഡിറ്റക്ഷന്‍ സോഫ്റ്റ്വെയര്‍ സംവിധാനം എന്നിവയുടെ സഹായത്തോടെയാകും ചെക്കിങ് നടപടികള്‍ നടത്തുക. ഇതിനായി 385.06 കോടി രൂപ ചിലവാകുമെന്നാണ് കരുതുന്നത്.
കുംഭമേള കണക്കിലെടുത്ത് അലഹബാദിലെ പ്രയാഗ്രാജ് റെയില്‍വെ സ്റ്റേഷനില്‍ ഈ രീതി നടപ്പാക്കി കഴിഞ്ഞു. ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാസംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ നടപ്പാക്കിയത്. ഈ മാസത്തില്‍ തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും തുടര്‍ന്ന് തെരഞ്ഞെടുത്ത മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ സേന. ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളാകും ഇനി റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകുക.