കര്‍ണ്ണാടകയെ ഭീതിയിലാഴ്ത്തി കുരങ്ങുപനി പടരുന്നു ; അഞ്ചു മരണം

കര്‍ണാടകയില്‍ കുരങ്ങ്പനി ബാധയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശിവമോഗയിലാണ് അഞ്ചുപേര്‍ കുരങ്ങു പനി കാരണം മരിച്ചത്. 15 പേര്‍ക്ക് കുരങ്ങ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. അതേസമയം കുരങ്ങ്പനി ഭീഷണിയെ തുടര്‍ന്ന് രണ്ടായിരത്തിലധികം പേര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ആവശ്യമായ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ശിവമോഗക്കടുത്തുള്ള വനമേഖലയില്‍ അമ്പതിലധികം കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടിരുന്നു. ഇവിടേക്കുള്ള വിനോദ സഞ്ചാരത്തിന് താത്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പനി വ്യാപിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥയാണ് രോഗം വ്യാപിക്കാന്‍ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. കുരങ്ങ്പനി ബാധിച്ച് ഡിസംബറിലും രണ്ട് പേര്‍ മരിച്ചിരുന്നു.