വാവരുപള്ളിയില്‍ പ്രവേശിക്കാനായെത്തിയ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു
എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനായെത്തിയ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ എരുമേലി വാവരുപള്ളിയിലും യുവതികള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. ഇവര്‍ ഇന്നെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാലക്കാട് വഴി എരുമേലിയിലേക്കെത്താനായിരുന്നു ഇവരുടെ ശ്രമം.
തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനികളായ സുശീലാദേവി (35), രേവതി (39), തിരുെനല്‍വേലി സ്വദേശിനി ഗാന്ധിമതി (51) എന്നിവരെയാണ് പോലീസ് കണ്ടെത്തിയത്. സുശീലദേവിയാണ് സംഘത്തിന്റെ നേതാവ്. ഇവരോടൊപ്പം തിരുപ്പതി, മുരുകസ്വാമി, ശെന്തില്‍ എന്നീ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവര്‍ ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ്. യുവതികള്‍ ശബരിമലയില്‍ കയറിയതോടെയാണ് തങ്ങള്‍ എരുമേലി വാവരുപള്ളിയില്‍ കയറാനായി എത്തിയതെന്നായിരുന്നു യുവതികളുടെ വിശദീകരണം.
ഇവരെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് പോലീസ് പറഞ്ഞു. യുവതികള്‍ വാവരുപള്ളിയില്‍ പ്രവേശിക്കുന്നത് മറ്റൊരു കലാപത്തിന് കാരണമാകാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കരുതുന്നത്. ഇവര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് പോലീസ് മേഖലയില്‍ വ്യാപക വാഹന പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാഹനപരിശോധന നടത്തുന്നതറിഞ്ഞ് വാളയാര്‍ എത്താതെ പാലക്കാട് അതിര്‍ത്തിയില്‍ തന്നെയുള്ള വേലന്താവളം വഴിയാണ് കേരളത്തിലേക്ക് കടന്നത്. ഈ സമയത്താണ് മേഖലയിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ കസ്റ്റഡിയിലെടുത്തത്.