ഹര്‍ത്താലായി മാറി പണിമുടക്ക് ; വലഞ്ഞ് ജനം: തീവണ്ടികള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു, പലയിടത്തും സംഘര്‍ഷം

സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി നേതാക്കള്‍ നേരത്തെ ഉറപ്പു തന്നിരുന്നുവെങ്കിലും ട്രെയിന്‍ ഗതാഗതമടക്കം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള ശക്തമായ പണിമുടക്കിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 48 മണിക്കൂര്‍ പണിമുടക്ക് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിച്ചതോടെ ഇന്നും നാളെയും കേരളം നിശ്ചലമാകാനാണ് സാധ്യത.

സംസ്ഥാനത്ത് ഹര്‍ത്താലിന് പിന്നാലെ വന്ന പണിമുടക്കില്‍ തീവണ്ടി ഗതാഗതം താറുമാറായി. വിവിധ ജില്ലകളില്‍ ഗതാഗതം സ്തംഭിപ്പിച്ചതോടെ മണിക്കൂറുകളോളം വൈകിയാണ് തീവണ്ടികള്‍ ഓടുന്നത്. ട്രെയിനുകള്‍ തടഞ്ഞാണ് സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങിയത്. തിരുവന്തപുരത്ത് വേണാട് എക്‌സ്പ്രസ് ഒന്നരമണിക്കൂറും, ജനശതാബ്ദി, രപ്തി സാഗര്‍ എക്‌സ്പ്രസുകള്‍ അരമണിക്കൂറും തടഞ്ഞു. സംയുക്തട്രേഡ് യൂണിയന്‍ തൃപ്പൂണിത്തുറയില്‍ മദ്രാസ് മെയില്‍ തടഞ്ഞാണ് പ്രതിഷേധിച്ചത്. കോഴിക്കോട് മംഗലാപുരം ചെന്നൈമെയില്‍ അരമണിക്കൂര്‍ തടഞ്ഞു.

പാലക്കാട്, തിരൂര്‍, ആലപ്പുഴ, കായംകുളം തുടങ്ങിയ സ്റ്റേഷനുകളിലും തീവണ്ടി ഗതാഗതം സ്തംഭിപ്പിച്ചു. വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. തീവണ്ടികള്‍ മണിക്കൂറുകളോളം വൈകി ഓടുന്നതിനാല്‍ ദീര്‍ഘദൂര യാത്രക്കാരടക്കം പ്രതിസന്ധിയിലായി. മുംബൈ-കന്യാകുമാരി ജയന്തിജനത, ഹൈദരബാദ്-തിരുവന്തപുരം ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം-ഗോരഖ് പൂര്‍ രപ്തിസാഗര്‍ തുടങ്ങി 10 തീവണ്ടികള്‍ ഒരുമണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്.

സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് തിരുവനന്തപുരത്ത് പൂര്‍ണമാണ്. മണക്കാടും തമ്പാനൂരും സമരക്കാര്‍ ഓട്ടോറിക്ഷകള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. നിലയ്ക്കല്‍, എരുമേലി, പമ്പ, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. മുഴുവന്‍ ബസുകളും പ്രധാന ഡിപ്പോകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പമ്പയിലേക്കുള്ള ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്നുണ്ട്. മറ്റ് സര്‍വ്വീസുകള്‍ എല്ലാം തന്നെ നിര്‍ത്തിവച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്,പാലക്കാട് തുടങ്ങി മറ്റു ഡിപ്പോകളിലും ഇതു തന്നെയാണ് അവസ്ഥ. സംസ്ഥാനത്ത് എവിടെയും സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോ-ടാക്‌സി സര്‍വ്വീസുകളും നിശ്ചലമാണ്. കാസര്‍ഗോഡ് ജില്ലയിലേക്ക് കര്‍ണാടക ആര്‍ടിസി ബസുകളും സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്.

പണിമുടക്കിന്റെ ആദ്യദിവസമായ ഇന്ന് കൂടുതല്‍ വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു. പക്ഷേ ബലമായി കടകള്‍ അടപ്പിക്കില്ലെന്ന തൊഴിലാളി സംഘടനകളുടെ വാക്ക് പാഴ്വാക്കായതോടെ മലപ്പുറം മഞ്ചേരിയിലുള്‍പ്പടെ വ്യാപാരികളും സമരക്കാരും തമ്മില്‍ സംഘര്‍ഷമായി. കൊച്ചിയിലും,കോഴിക്കോടും വ്യാപാരമേഖല സജീവമായപ്പോള്‍ തിരുവനന്തപുരത്ത് കടകള്‍ ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്.

എന്നാല്‍ കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ സമരക്കാര്‍ ബലമായി അടപ്പിച്ചു. ജീവനക്കാരെ ഓഫീസുകളില്‍ നിന്ന് ഇറക്കി വിട്ടു.പണിമുടക്കിനെ പ്രതിരോധിക്കാന്‍ ഉറച്ച വ്യാപാരമേഖലയുടെ തീരുമാനം വലിയ രീതിയില്‍ ഫലം കണ്ടത് കൊച്ചിയിലും കോഴിക്കോടുമായിരുന്നു.

കോഴിക്കോട് മിഠായിത്തെരുവില്‍ രാവിലെ മുതല്‍ തന്നെ പൊലീസ് സംരക്ഷണത്തില്‍ കടകള്‍ തുറന്നു. കൊച്ചി ബ്രോഡ്‌വേയിലും ജില്ലാ കളക്ടര്‍ തന്നെ നേരിട്ടെത്തി കടകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി.

എന്നാല്‍ തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റ് ഉള്‍പ്പടെ നിശ്ചലമാണ്. ജീവനക്കാര്‍ എത്താന്‍ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ കടകള്‍ തുറക്കാനാകില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. തിരുവനന്തപുരത്തെ ചാലകമ്പോളത്തില്‍ പണി മുടക്ക് പൂര്‍ണ്ണമാണ്. പൂക്കടകള്‍ മാത്രമാണ് തുറന്നത്. വ്യാപാരവ്യവസായി ഏകോപന സമിതി അംഗങ്ങള്‍ കടകള്‍ തുറക്കാന്‍ എത്തിയിരുന്നില്ല.