സാമ്പത്തിക സംവരണ ബില്ലില്‍ എതിര്‍പ്പുമായി സി പി എം ; പിന്‍വലിക്കണമെന്ന് ആവശ്യം

കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന സാമ്പത്തിക സംവരണ ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി സിപിഎം. ബില്ല് പാസ്സാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ച വേണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നുവെന്നതാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രഖ്യാപിതനിലപാട്. ആ നിലപാടില്‍ സിപിഎം പിബി ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ സംവരണപരിധി നിശ്ചയിച്ചതില്‍ അശാസ്ത്രീയതയുണ്ടെന്ന് സിപിഎം വ്യക്തമാക്കുന്നു. എട്ട് ലക്ഷത്തില്‍ത്താഴെ വാര്‍ഷികവരുമാനമുള്ള എല്ലാവര്‍ക്കും സാമ്പത്തികസംവരണത്തിന് അര്‍ഹത നല്‍കുന്നത് യഥാര്‍ഥ പിന്നാക്കക്കാരെ തഴയുന്നതാണെന്നാണ് സിപിഎം പറയുന്നത്.

ഇപ്പോഴത്തെ സംവരണബില്ല് തല്‍സ്ഥിതിയില്‍ അവതരിപ്പിക്കുകയോ പാസ്സാക്കുകയോ ചെയ്യരുതെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ബില്ല് പിന്‍വലിക്കണമെന്നും പിബി ആവശ്യപ്പെടുന്നു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ള നിരവധി സിപിഎം നേതാക്കള്‍ ബില്ലിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. പിന്നാക്കവിഭാഗക്കാരുടെ സംവരണം വെട്ടിക്കുറക്കാതെയുള്ള സംവരണം സ്വാഗതാര്‍ഹമെന്നായിരുന്നു കേരളത്തിലെ സിപിഎം നേതാക്കളുടെ പ്രതികരണം.

എന്നാല്‍ വി എസ് അച്യുതാനന്ദന്‍ ഇതിനെ എതിര്‍ത്ത് പ്രസ്താവനയിറക്കി. സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിന്റെയും, സിപിഎമ്മിന്റെയും നിലപാട് വിഎസ് തള്ളി.

രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ, മുന്നോക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്.