പ്രളയവും ദുരിതവും ഒക്കെ എന്ത് ; പുതുവര്‍ഷം ആഘോഷിച്ച മലയാളി കുടിച്ച് തീര്‍ത്തത് 514 കോടിയുടെ മദ്യം
പ്രളയദുരിതം, ശബരിമല എന്നിങ്ങനെ നാട്ടില്‍ പ്രശ്‌നങ്ങള്‍ പലതുണ്ട് എങ്കിലും സാമ്പത്തിക പ്രശ്‌നം കാരണം ഇതര സര്‍ക്കാര്‍ പരിപാടികള്‍ പോലും മാറ്റിവെയ്ക്കുന്ന ഇക്കാലത്തും ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡ് ഇട്ടു.
ക്രിസ്മസ്- പുതുവത്സര നാളുകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനയിലൂടെ നേടിയത് 514.34 കോടി രൂപ !. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് കോര്‍പ്പറേഷന്‍ ഈ റെക്കോര്‍ഡ് വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 480.67 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 33.6 കോടി വര്‍ദ്ധനവാണ് ഈ വര്‍ഷം കോര്‍പ്പറേഷനുണ്ടായത്.
ക്രിസ്മസിന്റെ തലേന്ന് മദ്യവില്‍പ്പനയിലൂടെ കോര്‍പ്പറേഷന്‍ നേടിയെടുത്തത് മുന്‍ വര്‍ഷത്തെക്കാള്‍ 15.43 കോടി രൂപയുടെ അധിക വരുമാനമാണ്. ക്രിസ്മസ് ദിനത്തില്‍ വിറ്റുവരവിലുണ്ടായ വര്‍ദ്ധന 2.47 കോടി രൂപയും. ക്രിസ്മസ് ദിനത്തിലും തലേന്നും ബിവറേജസിന്റെ വില്‍പ്പന യഥാക്രമം 40.60 കോടിയും 64.63 കോടി രൂപയുമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് 38.13 കോടിയും 49.20 കോടി രൂപയുമായിരുന്നു.
അതുപോലെ പുതുവര്‍ഷത്തിന്റെ തലേന്ന് വില്‍പ്പന ക്രിസ്മസ് കാലത്തെ കടത്തിവെട്ടി മുന്നേറി. പുതുവര്‍ഷത്തലേന്ന് കോര്‍പ്പറേഷന്‍ 78.77 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷം ഇത് 61.74 കോടി രൂപയായിരുന്നു. വര്‍ദ്ധന 17.03 കോടി രൂപ.
നെടുമ്പാശേരിയിലെ ഔട്ട്‌ലെറ്റിലാണ് ക്രിസ്മസിന്റെ തലേന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 51.30 ലക്ഷം രൂപയായിരുന്ന കളക്ഷന്‍. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയും മൂന്നാം സ്ഥാനത്ത് പാലാരിവട്ടവുമാണ്. 73.53 ലക്ഷം രൂപയുമായി പാലാരിവട്ടത്തെ ഷോപ്പ് പുതുവര്‍ഷ വില്‍പ്പനയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനം കണ്ണൂര്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനം തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ചില്ലറ വില്‍പ്പനശാലയ്ക്കായിരുന്നു.