ഒരു യുവതി കൂടി ശബരിമലയില്‍ പ്രവേശിച്ചു എന്ന തെളിവുമായി നവോത്ഥാന കേരളം ഓണ്‍ലൈന്‍ കൂട്ടായ്മ

ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചതായി വെളിപ്പെടുത്തല്‍. ശബരിമലയിലെ യുവതീ പ്രവേശനത്തിനായി രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വെളിപ്പെടുത്തല്‍.

ശബരിമലയില്‍ യുവതി പ്രവേശിക്കുന്ന ദൃശ്യങ്ങളും പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശി മഞ്ജു ഇന്നലെ പകല്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. മഞ്ജു സന്നിധാനത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. അതേസമയം വേഷം മാറിയാണ് മഞ്ജു ശബരിമലയില്‍ എത്തിയതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ 7.30 ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് അവകാശവാദം.

മഞ്ജു ഇതിനു മുന്‍പും ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം.

ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ വിശദീകരിക്കുന്നു. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് എസ്.പി മഞ്ജു. മാളികപ്പുറത്തേക്കുള്ള ഫ്ളൈ ഓവറില്‍ നില്‍ക്കുന്ന ചിത്രം അടക്കമുള്ളവയാണ് പുറത്തുവന്നിട്ടുള്ളത്. പ്രതിഷേധം ഭയന്നാവാം വേഷംമാറി എത്തിയതെന്ന് കരുതുന്നു.

നേരത്തെ ചിത്തരആട്ട വിശേഷത്തിന് മല കയറാനെത്തിയ ഇവര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. പോലീസാണ് അന്ന് അവരെ തിരിച്ചയച്ചത്.