രാജ്യ സഭയിലും പാസായി സാമ്പത്തിക സംവരണ ബില്‍
മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് രാജ്യസഭയിലും പാസായി. നേരത്തെ ലോക്‌സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും.
രാവിലെ ബില്ല് ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ സമവായമുണ്ടായില്ലെങ്കിലും ഉച്ചയോടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചതോടെയാണ് ബില്ല് പാസാക്കാനുള്ള വഴി തുറന്നത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (എം) ഉം ബില്ലിനെ അനുകൂലിച്ചപ്പോള്‍ മുസ്ലിം ലീഗ് എതിര്‍ത്തു. സ്വകാര്യ മേഖലയിലും സംവരണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടമമെന്ന പ്രമേയവും സ്വകാര്യ മേഖലയിലും സംവരണമേര്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തെയും പിന്തുണച്ചെങ്കിലും, പ്രമേയങ്ങള്‍ തള്ളിയ ശേഷമുള്ള വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി സിപിഎം വോട്ട് ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം പ്രഖ്യാപിച്ചത്.
വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നിര്‍ണായക രാഷ്ട്രീയ തീരുമാനമാണിത്.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും 10 ശതമാനം സംവരണം ബില്‍ വ്യവസ്ഥ ചെയ്യുന്നു.