സിബിഐ ഡയറക്ടറെ മാറ്റി കേന്ദ്രസര്‍ക്കാര്‍ ; തീരുമാനം എടുത്തത് സെലക്ഷൻ കമ്മിറ്റി യോഗത്തില്‍

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ നീക്കി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വര്‍മയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനത്തോട് വിയോജിച്ചു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായാണ് വര്‍മയെ മാറ്റുന്നത്. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് – എന്നീ മൂന്ന് പേരടങ്ങുന്നതാണ് സെലക്ഷന്‍ കമ്മിറ്റി. നേരത്തേ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയിരുന്നു. വര്‍മയ്‌ക്കെതിരായ കേസില്‍ വിധി പറഞ്ഞത് താനടക്കമുള്ള ബഞ്ചാണെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. പകരം സുപ്രീംകോടതി ജഡ്ജിയായ എ കെ സിക്രിയാണ് രഞ്ജന്‍ ഗൊഗോയിയുടെ പ്രതിനിധിയായി പങ്കെടുത്തത്.

നേരത്തേ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അര്‍ധരാത്രി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കാന്‍ അധികാരമുള്ള സെലക്ഷന്‍ കമ്മിറ്റി തന്നെ അലോക് വര്‍മ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്.

വൈകിട്ട് നാലരയോടെ സെലക്ഷന്‍ കമ്മിറ്റി യോഗം പുരോഗമിക്കുമ്പോള്‍ത്തന്നെ മുന്‍ സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു നടത്തിയ സ്ഥലം മാറ്റ ഉത്തരവുകളെല്ലാം അലോക് വര്‍മ റദ്ദാക്കിയിരുന്നു. ഉപഡയറക്ടറായ രാകേഷ് അസ്താനയ്‌ക്കെതിരായ കേസുകളെല്ലാം പുതിയ ഉദ്യോഗസ്ഥര്‍ അന്വേഷിക്കാനം അലോക് വര്‍മ ഉത്തരവിട്ടു.

ഇതോടെ റഫാല്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും വര്‍മ മടിക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് വര്‍മയെ മാറ്റാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തീരുമാനിക്കുന്നത്.

നേരത്തേ സിബിഐ ഡയറക്ടറായിരുന്ന സമയത്ത് അലോക് വര്‍മയും ഉപഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ഉള്‍പ്പോരിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വര്‍മയെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

അര്‍ധരാത്രി സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ ഹര്‍ജിയുമായി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒന്നരമാസത്തോളം വാദം കേട്ടതിന് ശേഷം അലോക് വര്‍മയെ മാറ്റി നിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

എന്നാല്‍ നയപരമായ തീരുമാനങ്ങള്‍ വര്‍മ എടുക്കരുതെന്നും അദ്ദേഹം പദവിയില്‍ തുടരുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

ഇതനുസരിച്ച് പ്രധാനമന്ത്രിയുടെ വസതിയില്‍ സെലക്ഷന്‍ കമ്മിറ്റി യോഗം തുടരവെയാണ് വര്‍മ തന്ത്രപ്രധാനമായ തീരുമാനമെടുത്തത്.