രാഷ്ട്രീയ സംഘര്‍ഷങ്ങളും ; വിദ്യാഭ്യാസവും കണ്ണൂരിലെ യുവാക്കള്‍ക്ക് പെണ്ണ് കിട്ടുന്നില്ല എന്ന് റിപ്പോര്‍ട്ട്

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ് കണ്ണൂര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന ജില്ല എന്ന് വേണമെങ്കില്‍ കണ്ണൂരിനെ പറയാം. വ്യക്തമായ രാഷ്ട്രീയ അടിത്തറയുള്ള കണ്ണൂരില്‍ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും വളരുന്നത് രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിട്ടാണ്. കണ്ണൂരില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്ത. എന്നാല്‍ രാഷ്ട്രീയമോ അക്രമമോ അല്ല.

കണ്ണൂര്‍ പാനൂര്‍ ഉള്ള യുവാക്കള്‍ക്ക് വിവാഹംകഴിക്കുവാന്‍ സാധിക്കുന്നില്ല. ഒരു സാമൂഹിക പ്രശ്‌നമായി ഈ കല്യാണവിഷയം ഉയര്‍ന്നതോടെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അവിവാഹിതരായ യുവാക്കളുടെ കണക്കെടുക്കാന്‍ തയ്യാറാവുകയാണ് പോലീസ്. വിവാഹ പ്രായമെത്തിയിട്ടും പെണ്ണു കിട്ടാതായവരുടെ കണക്കുകള്‍ ശേഖരിച്ച് പരിഹാരം കാണാനാണ് പൊലീസിന്റെ ശ്രമം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഭൂതകാലവും, വിദ്യാഭ്യാസ യോഗ്യതാ പ്രശ്‌നങ്ങളും യുവാക്കള്‍ക്ക് വിനയായെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.

ദിവസ തൊഴിലും ആവശ്യത്തിന് വരുമാനവും ഈ ഗ്രാമത്തിലെ യുവാക്കള്‍ക്കുണ്ട്. പക്ഷേ, പെണ്ണുകാണല്‍ മുറയ്ക്ക് നടക്കുന്നതല്ലാതെ ഒന്നുമങ്ങ് ശരിയാകുന്നില്ലാത്തതാണ് പ്രശ്‌നം. ഇങ്ങനെ 30 വയസായിട്ടും വിവാഹം നടക്കാത്ത യുവാക്കളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് പൊലീസ് തന്നെ രംഗത്തിറങ്ങുന്നത്.

പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്റെ ആദ്യപടിയായി 19,000 വീടുകള്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ കയറി സര്‍വ്വേ നടത്തും. വിശദമായ കണക്കുകള്‍ വെച്ച് പഠനം നടത്തും. ഇതിന് ശേഷം പരിഹാരത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് തീരുമാനം.
പ്രദേശത്തെ ചെറുപ്പക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന സേനകളില്‍ അവസരം ലഭിക്കാന്‍ കായികപരിശീലനമടക്കം നല്‍കുന്ന ഇന്‍സൈറ്റ് പദ്ധതിയുടെ ഭാഗമാണ് പാനൂര്‍ പൊലീസിന്റെ പുതിയ സര്‍വേയും.

പാനൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം മുന്‍പ് പെണ്‍കുട്ടികള്‍ക്കും വിവാഹം നടക്കാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍, അതില്‍ നിന്ന് പാനൂര്‍ കരകയറി. അപ്പോഴാണ് യുവാക്കള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.