വാട്സ് ആപ്പ് ഉപയോഗിക്കാന്‍ ഇനി വിരലടയാളവും വേണം ; സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി പുതിയ ഫീച്ചറുകള്‍

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ ഇനി വിരലടയാളവും. തങ്ങളുടെ ആപ്ലിക്കേഷനില്‍ ബയോമെട്രിക് സംവിധാനം അവലംബിക്കാന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഈ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ വാട്സ് ആപ്പ് വളരെക്കാലമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഇത് ഐഫോണില്‍ ലഭ്യമാകാന്‍ കാലതാമസം നേരിടുമെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളില്‍ വിരല്‍ അടയാള പരിശോധനാ സംവിധാനം ഉടന്‍ ലഭ്യമാകും.

ഇതിനായി ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനില്‍ വിരല്‍ അടയാള പരിശോധനയ്ക്കായി ഒരു പുതിയ വിഭാഗം കാണാം. ഇവിടെ വിരല്‍ പതിപ്പിച്ചു കഴിഞ്ഞാല്‍ മാത്രമേ ഇനി ആപ്പില്‍ കയറാനാകൂ. ഐഫോണിലും ഇതേ രീതിയിലാകും സംവിധാനമൊരുക്കുക.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ വാട്സ് ആപ്പിന്റെ സുരക്ഷാ ഒന്ന് കൂടി വര്‍ധിക്കും. ആപ്പ് തുറക്കുന്ന ഓരോ തവണയും സുരക്ഷാ പരിശോധനാ ആവശ്യമാകും.

ഇത് കൂടാതെ ഒരു പുതിയ ഫീച്ചര്‍ കൂടി ആപ്പ് അവതരിപ്പിച്ചു. ഇനി മുതല്‍ ഓഡിയോ ക്ലിപ്പ് അയക്കുന്നതിന് മുമ്പ് പ്രീവ്യൂ ചെയ്യാന്‍ സാധിക്കും. മാത്രമല്ല ഒരു സമയം 30 ഓഡിയോ ക്ലിപ്പുകള്‍ ഒരുമിച്ച് അയയ്ക്കുവാനും സാധിക്കും. കൂടാതെ സ്റ്റാറ്റസില്‍ 3ഡി ടച്ച് ആക്ഷന്‍, സ്റ്റിക്കറുകള്‍, ഗ്രൂപ്പ് സ്റ്റിക്കറുകള്‍ തുടങ്ങിയ വിസ്മയങ്ങളും ഒരുക്കിയിട്ടുണ്ട്.