അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ; ടൂറിസം മേഖലയെ ബാധിച്ചു എന്ന് മുഖ്യമന്ത്രി

കേരളത്തില്‍ അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസത്തെ ബാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ചില ഹര്‍ത്താലുകള്‍ നടത്തിയതെന്ന് സംശയമുണ്ട്. കേരളത്തിലേക്ക് വരരുതെന്ന് സഞ്ചാരികള്‍ക്ക് ചില രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം കനകക്കുന്നില്‍ വസന്തോവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന സമയമാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ അവസാനത്തെ ഘട്ടമായ ഹര്‍ത്താല്‍ തുടക്കത്തിലെ പ്രയോഗിക്കുന്ന രീതി അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. കാട്ടാന ഒരാളെ ചവിട്ടിക്കൊന്നപ്പോള്‍ നാളെ ഹര്‍ത്താലുണ്ടോ എന്ന് ചോദിക്കുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലാണ് സംസ്ഥാനം അടിക്കടിയുള്ള ഹര്‍ത്താലുകള്‍ക്ക് സാക്ഷ്യംവഹിച്ചത്. അക്രമ സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ അമേരിക്കയും ബ്രിട്ടനും കേരളം സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമ വാര്‍ത്തകള്‍ നിരന്തരം വിലയിരുത്തണമെന്നും ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം കേരളത്തില്‍ പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സര്‍വീസുകളും ഏത് നിമിഷവും തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള നിര്‍ദ്ദേശമാണ് കേരളം സന്ദര്‍ശിക്കുന്ന പൌരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്.