മെക്സിക്കന്‍ മതില്‍ ; അമേരിക്കയില്‍ ആഭ്യന്തര പ്രശ്നം രൂക്ഷം ; അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ്
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമാകുന്നു. ഫണ്ട് ലഭ്യമാക്കിയില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
മതില്‍ നിര്‍മ്മാണത്തിന് അഞ്ച് ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ സെനറ്റില്‍ പരാജയപ്പെട്ടിരുന്നു. ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം നിറുത്തിവെയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണസ്തംഭനം ആഭ്യന്തര സുരക്ഷ, ഗതാഗതം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങുന്നതടക്കമുള്ള വന്‍ പ്രതിസന്ധി നേരിടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അയിരം കോടി ഡോളറിലേറെ ചെലവുവരുന്ന പദ്ധതിയാണ് അമേരിക്കന്‍ അതിര്‍ത്തിയില്‍ പണികഴിപ്പിക്കുന്ന മെക്‌സിക്കന്‍ മതില്‍.മതില്‍ നിര്‍മ്മാണത്തിന് മെക്സിക്കോ പരോക്ഷമായി തുക ചെലവഴിക്കേണ്ടി വരുമെന്ന് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ 20 ദിവസമായി തുടരുന്ന ട്രഷറി സ്തംഭനം പരിഹരിക്കാന്‍ ഡെമോക്രാറ്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ നിന്ന് ട്രംപ് ഇറങ്ങിപ്പോയി.