ആലപ്പാട് ; ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി ; ഖനനം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ല എന്ന് സമരക്കാര്‍

സോഷ്യല്‍ മീഡിയയില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന കൊല്ലം ആലപ്പാട് കരിമണല്‍ ഖനന പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സ്ഥലത്തെ സാഹചര്യവും നിലവില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഐആര്‍ഇ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ജനകീയ സമരത്തിന് വന്‍ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. അതേസമയം, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് സമരസമിതിയുടെ നിലപാട്.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു.

പൊന്‍മനയില്‍ നിന്നും 30 വര്‍ഷത്തിന് മുന്‍പ് 1500 കുടുംബങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് മൂന്നായി ചുരുങ്ങി. ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയെന്നാണ് കണക്ക്. ഖനനത്തിന്റെ ഫലമായി ടിഎസ് കനാലും അറബിക്കടലും തമ്മിലുള്ള അകലം ദിവസങ്ങള്‍ കഴിയുന്തോറും കുറയുകയാണ്.

വരുന്ന 19 ന് ആലപ്പാടിനെ രക്ഷിക്കാന്‍ കേരളമാകെ ബഹുജനമാര്‍ച്ചിന് ആഹ്വാനമുണ്ട്. വിവിധ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സമരം 73 ആം ദിവസം പിന്നിടുമ്പോഴും പന്തലില്‍ ജനക്കൂട്ടമാണ്. ഇതൊക്കെയാണ് സര്‍ക്കാരിനെ മറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.